‘മിണ്ടിയാൽ കൊന്നുകളയും…’; കവർച്ചക്കാരുടെ ഭീഷണിക്കിടെ കസേരയെടുത്ത് വീശി ദിവ്യ; കാറിന്റെ ചില്ല് തകർത്ത് കുഞ്ഞിമുഹമ്മദ്

പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ പട്ടാപ്പകൽ നടന്ന കവർച്ചയ്ക്കിടെ മോഷ്ടാക്കൾ രക്ഷപ്പെട്ട കാർ തടയാൻ ശ്രമിച്ച് നാട്ടുകാരൻ. ജ്വല്ലറിയിൽനിന്ന് സ്വർണവുമായി സംഘം കാറിൽ രക്ഷപ്പെടുന്നതിനിടെ അയൽവാസിയായ എം കുഞ്ഞിമുഹമ്മദ് കല്ലെറിഞ്ഞ് വാഹനത്തിന്റെ പിൻഭാഗത്തെ ചില്ല് തകർത്തു. കവർച്ചാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ഇടപെടൽ.
ജ്വല്ലറിയിൽനിന്ന് നിലവിളി കേട്ടാണ് കുഞ്ഞിമുഹമ്മദ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. അപ്പോഴേക്കും ‘കള്ളൻ, കള്ളൻ’ എന്ന് വിളിച്ചുപറഞ്ഞ് ജ്വല്ലറി ഉടമയുടെ ഭാര്യ ദിവ്യ പുറത്തേക്ക് ഓടിയെത്തിയിരുന്നു. മോഷ്ടാക്കൾ കാറിൽ കയറി അതിവേഗം രക്ഷപ്പെടുന്നതു കണ്ടതോടെ സമീപത്തുനിന്ന് കല്ലെടുത്ത് എറിയുകയായിരുന്നു. കല്ലേറിൽ കാറിന്റെ പിൻവശത്തെ ചില്ല് തകർന്നു. പിന്നാലെ കുഞ്ഞിമുഹമ്മദും പിതാവ് എം. ഹനീഫയും അയൽവാസി കെ. വിജയനും ഏതാനും സ്ത്രീകളും ചേർന്ന് കാറിനു പിന്നാലെ ഓടി. മലമ്പുഴ മിൽമ കാലിത്തീറ്റ ഫാക്ടറിയിലെ ജീവനക്കാരനാണ് കുഞ്ഞിമുഹമ്മദ്.
കവർച്ചയ്ക്കിടെ സംഘം ഹിന്ദിയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ‘ബോലോഗേ തോ മാർ ഡാലേംഗേ’ (മിണ്ടിയാൽ കൊന്നുകളയും) എന്നായിരുന്നു സംഘത്തിലെ ഒരാളുടെ ഭീഷണി. കവർച്ചയ്ക്ക് ഉപയോഗിച്ചത് പിസ്റ്റളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2.30ഓടെ ജ്വല്ലറിയിലെത്തിയ മൂന്നംഗ സംഘമാണ് ഏകദേശം പത്തുമിനിറ്റിനുള്ളിൽ 49 പവൻ സ്വർണവുമായി കടന്നുകളഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



