പത്മജയുടെ കോൺഗ്രസ് പ്രവേശനം ചർച്ചയായില്ല… ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി…

ഡൽഹി: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ഖാർഗെയുടെ വസതിയിലെത്തിയാണ് സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സംഘടനാ വിഷയങ്ങളും സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായി. പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്നാണ് വിവരം. ഇന്നും, നാളെയും ഡൽഹിയിൽ നടക്കുന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് സണ്ണി ജോസഫ് തലസ്ഥാനത്തെത്തിയത്.

എന്നാൽ സംസ്ഥാന കോൺഗ്രസിലെ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കെപിസിസി ആസ്ഥാനത്ത് ഇരുനേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ വിലയിരുത്തിയിരുന്നു. കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ എടുക്കുന്നുവെന്നും ഉമ്മൻചാണ്ടിക്കൊപ്പം നിന്ന നേതാക്കളെ തഴയുകയാണെന്നും ആരോപിച്ച് എ വിഭാഗം നേതാക്കൾ കോൺഗ്രസ് അധ്യക്ഷനെ സമീപിച്ച് പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ ഡൽഹി സന്ദർശനം.

വൈദ്യുതി വാങ്ങൽ, പിഎസ്‌സി നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശ്വാസത്തിലെടുക്കാതെ മുഖ്യമന്ത്രി മുന്നോട്ടുപോകുന്നതിൽ സണ്ണി ജോസഫിനും അതൃപ്തിയുണ്ടെന്നാണ് സൂചന. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധനാണെങ്കിലും പദവിയിൽ തുടരുന്ന കാലത്തോളം സർക്കാരിന്റെ പ്രധാന തീരുമാനങ്ങളിൽ തന്നെക്കൂടി വിശ്വാസത്തിലെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സംസ്ഥാന കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങളും സർക്കാരുമായുള്ള ഏകോപനത്തിലെ വീഴ്ചകളും ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് സണ്ണി ജോസഫ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

Related Articles

Back to top button