കുറ്റപത്രം സമർപ്പിക്കാൻ ആരെയാണ് ഭയം?… മൈക്രോഫിനാൻസ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ…

കൊച്ചി: എസ്.എൻ.ഡി.പി മൈക്രോഫിനാൻസ് കേസിലെ അന്വേഷണം നീണ്ടുപോകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ ആരെയാണ് ഭയപ്പെടുന്നതെന്നും അന്വേഷണത്തിന് പിന്നിൽ ആരാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരനോട് കോടതി നേരിട്ട് ചോദിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആറുവർഷമായി അന്വേഷണം നടക്കുന്ന കേസിൽ ഇതുവരെ ഒരു കുറ്റപത്രം മാത്രമാണ് സമർപ്പിച്ചത്.

കോടതിയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ അതുപോലും ഉണ്ടാകുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സാങ്കേതികവും നടപടിക്രമപരവുമായ കാരണങ്ങളാലാണ് അന്വേഷണം വൈകിയതെന്നും മനഃപൂർവം കാലതാമസം വരുത്തിയിട്ടില്ലെന്നും എസ്. ശശിധരൻ കോടതിയെ അറിയിച്ചു. രണ്ടു ദിവസത്തിനകം കുറ്റപത്രങ്ങൾ സമർപ്പിക്കണമെന്ന കോടതിയുടെ നിർദേശത്തിന് മറുപടിയായി അത് പ്രായോഗികമല്ലെന്നും നാലാഴ്ചയെങ്കിലും സമയം അനുവദിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയായ കേസുകളിലെ റിപ്പോർട്ടുകൾ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. ഒരാഴ്ചയ്ക്കകം കൂടുതൽ റിപ്പോർട്ടുകൾ സമർപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ബാക്കിയുള്ള റിപ്പോർട്ടുകളും എത്രയും വേഗം സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതേസമയം, കേസിൽ സർക്കാരും നിലപാട് വ്യക്തമാക്കി. ഗാലറിക്കുവേണ്ടിയല്ല, കോടതിക്കും പരാതിക്കാർക്കുമൊപ്പമാണ് സർക്കാരെന്ന് കോടതിയിൽ അറിയിച്ചു. കുറ്റപത്രം സമർപ്പിക്കാത്തതിന്റെ കാരണം വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാൻ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. മൈക്രോഫിനാൻസ് തട്ടിപ്പുകേസിലെ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയെത്തുടർന്നാണ് മൈക്രോഫിനാൻസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എൻ. സോമൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.കെ. മഹേശൻ എന്നിവർ വ്യാജരേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് കേസിലെ ആരോപണം.

Related Articles

Back to top button