‘വസ്തുതപരമായ പിശക്, പിൻവലിക്കുന്നു’..

പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ടി എം ശശി എംഎൽഎ. പാലക്കാട് പട്ടാമ്പിയിലെ ഒരു സ്കൂളിൽ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പറഞ്ഞ ഒരു വാചകത്തിൽ വസ്തുതാപരമായ പിഴവുകൾ ഉള്ളതായി മനസിലാക്കുന്നു. വിവാദമായ പരാമർശങ്ങൾക്ക് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ടി എം ശശി സമൂഹമാധ്യമക്കുറിപ്പിലൂടെ അറിയിച്ചു.
വെടിവെപ്പിന് വിദ്യാർത്ഥികൾ തമ്മിലുള്ള പകയാണ് കാരണം, അത് നേരത്തെ കുട്ടി ചില സഹപാഠികളോട് പറഞ്ഞിരുന്നു എന്ന രീതിയിൽ വെടിവെയ്പ്പ് നടന്ന ദിവസം വൈകുന്നേരം ചില ചാനലുകളിൽ വന്ന ചർച്ചകളും വാർത്തകളും കണ്ടതാണ് പ്രസംഗത്തിൽ സൂചിപ്പിച്ചത്. എന്നാൽ സഹപാഠികൾക്കിടയിൽ ആളാകുന്നതിന് വേണ്ടി ക്ലാസിൽ കൊണ്ട് വന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് പിന്നീടാണ് മനസ്സിലാക്കിയത്.
പൊതുപ്രവർത്തകൻ എന്ന നിലയിലും, ജനപ്രതിനിധി എന്ന നിലയിലും ഇതൊരു ഗുണപാഠമായി ഉൾക്കൊള്ളുന്നു. വാർത്തകൾക്കും വിവരങ്ങൾക്കും പിന്നിലെ വസ്തുതയിൽ വ്യക്തമായ ബോധ്യം വന്ന ശേഷം മാത്രം പൊതുവേദിയിൽ അവ പരാമർശിക്കുന്നതിനുള്ള നിതാന്ത ജാഗ്രത ഭാവിയിൽ പുലർത്തുന്നതാണ്. സ്കൂൾ വെടിവെയ്പുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം തെറ്റിദ്ധാരണകൾക്ക് ഇടയായി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നിരുപാധികം പിൻവലിക്കുകയാണെന്നും ടി എം ശശി ഫെയ്സ്ബുക്കിൽ കുറിച്ചു.



