കുപ്രചാരണം കൊണ്ട് ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല… ഷാഫി പറമ്പിലിന് പിന്തുണയുമായി…

കണ്ണൂർ: ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിൽ വീണ്ടും ഫ്ലക്സ് യുദ്ധം സജീവമാകുന്നു. ഷാഫി പറമ്പിൽ എംപിക്ക് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ‘കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല’ എന്നാണ് ഫ്ലക്സ് ബോർഡുകളിലെ വാചകം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തും സ്റ്റേഡിയം പരിസരത്തുമാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിൽ വിവാദങ്ങൾ ശക്തമായത്.

ഷാഫി എ ഗ്രൂപ്പുകാരനല്ലെന്നും എ ഗ്രൂപ്പുകാരനാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ചില പെട്ടിതാങ്ങികളാണെന്നും ആശാന് വേണ്ടി അടൂരിലെ ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമർശിച്ച് ഉണ്ണിത്താൻ ആരോപിച്ചിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ പ്രതിരോധിക്കാൻ താനും ടി സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് മാറിനിന്നെന്നുമായിരുന്നു ഉണ്ണിത്താന്റെ മറ്റൊരു ആരോപണം. ഇതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ കുടുംബവും പ്രതികരണവുമായി രംഗത്തെത്തി. സിപിഎം ഉമ്മൻചാണ്ടിയെ രൂക്ഷമായി വിമർശിച്ചപ്പോൾ പ്രതിരോധിച്ചത് രാജ്മോഹൻ ഉണ്ണിത്താനായിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

അതേസമയം, രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. വിവാദം കൂടുതൽ നീട്ടിക്കൊണ്ടുപോകാതെ നിലവിൽ മൗനം പാലിക്കാനാണ് ഗ്രൂപ്പിന്റെ നീക്കം. ഉമ്മൻചാണ്ടിയുടെ കുടുംബം ഉൾപ്പെടെ പ്രതികരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. സർക്കാരിൽ കൂടിയാലോചനകൾ വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാനും ഹൈക്കമാൻഡ് ഉടൻ ഇടപെടണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാനുമാണ് എ ഗ്രൂപ്പിന്റെ തീരുമാനം. നേരത്തെ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയുമായി ബന്ധപ്പെട്ടും കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം നടന്നിരുന്നു.

Related Articles

Back to top button