ശുചിമുറിയിൽ രോഗി മരിച്ചുകിടന്ന സംഭവം: തൃശൂർ മെഡിക്കൽ കോളേജിന്റെ വാദം തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചുകിടന്ന സംഭവത്തിൽ മെഡിക്കൽ കോളേജിന്റെ വാദം തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണം നടന്നത് പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് 36 മുതൽ 72 മണിക്കൂർ വരെയുള്ള സമയത്തിനിടയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ക്ലീനിങ് സ്റ്റാഫ് ശുചിമുറിയിലെത്തി എന്നായിരുന്നു മെഡിക്കൽ കോളേജിന്റെ വാദം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മെഡിക്കൽ കോളേജിന്റെ വാദം അടിസ്ഥാനരഹിതമാകുകയാണ്. രോഗിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം 36 മണിക്കൂറിന് മുകളിൽ ശുചിമുറിയിൽ ഉണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാക്കുന്നത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



