ശബരിമലയിൽ കൂടുതൽ സ്പോട്ട് ബുക്കിംഗ് വേണം… മൂന്ന് കേന്ദ്രങ്ങൾ നിർദേശിച്ച്….

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് ആരംഭിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മന്ത്രി കത്ത് നൽകി. ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടണമെന്നും കത്തിൽ നിർദേശിച്ചിട്ടുണ്ട്. വെർച്വൽ ക്യൂവിന്റെ പരിധി കഴിഞ്ഞെന്ന കാരണത്താൽ തീർത്ഥാടകർക്ക് അയ്യപ്പദർശനം നിഷേധിക്കുന്നത് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി.

വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയും ഭക്തർക്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ 39,114 തീർത്ഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. സന്നിധാനത്ത് ഭക്തജനത്തിരക്ക് വർധിക്കുന്നതിനനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര അറിയിച്ചു. പമ്പാനദിയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്താൻ ഹൈക്കോടതിയുടെ അനുമതിയുണ്ടെന്നും എഡിഎം വ്യക്തമാക്കി. ഇതിനായി പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്പെഷ്യൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തുദിവസമായി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ സഹകരിച്ച ദേവസ്വം ബോർഡ് ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സന്നിധാനവും പരിസരവും ശുചിയായി സൂക്ഷിക്കുന്ന വിശുദ്ധി സേന എന്നിവരെയും എഡിഎം അഭിനന്ദിച്ചു.

Related Articles

Back to top button