പൂർത്തിയാകാത്ത പദ്ധതികൾ പൂർത്തിയായെന്ന് അവകാശവാദം… വീണാ ജോർജിനെതിരെ…

പത്തനംതിട്ട: ആറന്മുളയിലെ ആസ്തി വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തിൽ മുൻ മന്ത്രി വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ. വിവരാവകാശ രേഖകൾ പുറത്തുവിട്ടാണ് അബിൻ വർക്കിയുടെ പ്രതികരണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറന്മുള മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്നാണ് അബിൻ വർക്കിയുടെ ആരോപണം. അഞ്ച് കോടി രൂപയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു തുകയും ചിലവഴിച്ചിട്ടില്ലെന്നും വിവിധ പദ്ധതികൾക്കായി പ്രൊപ്പോസൽ പോലും നൽകിയിട്ടില്ലെന്നും അബിൻ വർക്കി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 കോടി രൂപയുടെ ഫണ്ട് വിനിയോഗിക്കാതെ പോയെന്നും അദ്ദേഹം ആരോപിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്ന് തുക ചിലവഴിച്ചതായി രേഖപ്പെടുത്തണമെങ്കിൽ പദ്ധതി പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകണം. എന്നാൽ ഇത്തരത്തിൽ പൂർത്തീകരിച്ച ഒരു പദ്ധതി പോലും ആറന്മുള മണ്ഡലത്തിലില്ലെന്നാണ് അബിൻ വർക്കിയുടെ വാദം. മൂന്ന് വർഷത്തെ പദ്ധതികൾക്ക് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒന്നിച്ച് പ്രൊപ്പോസൽ നൽകാൻ ധനവകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. 2026 മാർച്ച് അഞ്ചിനായിരുന്നു അനുമതി ലഭിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചില്ലെന്നും അബിൻ വർക്കി പറഞ്ഞു. ഇലന്തൂർ ഓഡിറ്റോറിയം, വള്ളംകുളം സ്കൂൾ കെട്ടിടം തുടങ്ങിയ പദ്ധതികളുടെ നിർമാണം പോലും പൂർണമായിട്ടില്ലെന്നാണ് ആരോപണം.

പൂർത്തിയാകാത്ത റോഡുകളുടെ പേരുകളും തുടങ്ങാത്ത പദ്ധതികളുടെ വിവരങ്ങളും മുൻ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചെന്നും അബിൻ വർക്കി വിമർശിച്ചു. അബാൻ മേൽപ്പാലത്തിന് കയറാനും ഇറങ്ങാനും വഴിയില്ലെന്നും ഉദ്ഘാടനം ചെയ്ത ഇലന്തൂർ കോളേജിലേക്ക് പോലും വഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷം ആറന്മുള മണ്ഡലം നാഥനില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും അബിൻ വർക്കി പറഞ്ഞു. പുറത്തുവിട്ട വിവരാവകാശ രേഖകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുൻ മന്ത്രി വീണാ ജോർജിനെ അബിൻ വർക്കി വെല്ലുവിളിക്കുകയും ചെയ്തു.

Related Articles

Back to top button