മഴ കാണാനില്ല!!; ഒക്ടോബർ ഒന്നുമുതൽ 9 ജില്ലകളിൽ..

ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും സാധാരണയെക്കാൾ കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം ശരാശരിയെക്കാൾ 19 ശതമാനം കുറവോ, 19 ശതമാനം കൂടുതലോ ലഭിച്ചാൽ അത് സാധാരണ മഴയായാണ് കണക്കാക്കുന്നത്. മഴയിൽ 20 മുതൽ 59 ശതമാനം വരെ കുറവുണ്ടാകുന്നതിനെയാണ് മഴക്കുറവ് എന്ന് പറയുക. പതിനാല് ജില്ലകളിൽ ഒൻപത് ഇടത്തും മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതൽ മഴക്കുറവ് മലപ്പുറം ജില്ലയിലാണ്. അവിടെ 42 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കാസർകോട്, തൃശൂർ, ഇടുക്കി ജില്ലകളിൽ 37 ശതമാനവും കൊല്ലത്ത് 33 ശതമാനവും എറണാകുളത്ത് 32ശതമാനവും കോട്ടയത്ത് 28 ശതമാനവും കണ്ണൂരിൽ 27 ശതമാനവും കോഴിക്കോട് 22 ശതമാനവും മഴയിൽ കുറവുണ്ടായി. പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ 18 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.



