കെഎഎസിൽ അടിമുടി മാറ്റത്തിനൊരുങ്ങി സർക്കാർ… ചട്ടഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) സമഗ്രമായ മാറ്റങ്ങൾ വരുത്താനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി കെഎഎസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പട്ടികയിലുള്ളവർക്ക് നിയമനം നൽകുന്നതിന്റെ ഭാഗമായാണ് ഭേദഗതിയെന്നാണ് സർക്കാർ വിശദീകരണം. 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളിൽ പത്ത് ശതമാനം കെഎഎസിന് മാറ്റിവയ്ക്കണമെന്ന വ്യവസ്ഥയാണ് പ്രധാനമായും ഒഴിവാക്കിയത്.
ഇനി ഏതൊക്കെ തസ്തികകളിലേക്ക് കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിന് നേരിട്ട് തീരുമാനിക്കാം. എട്ട് വർഷത്തെ സർവീസ് പൂർത്തിയാക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ ഐഎഎസിലേക്ക് പരിഗണിക്കാമെന്ന വ്യവസ്ഥയും ഭേദഗതിയിലൂടെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യ ബാച്ചിലെ ഉദ്യോഗസ്ഥർക്കും പുതിയ ഭേദഗതി ബാധകമായിരിക്കും. രണ്ടാം ബാച്ചിന്റെ റാങ്ക് പട്ടികയുടെ കാലാവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ നീക്കം. അതേസമയം, ഭേദഗതിക്കെതിരെ ഉദ്യോഗാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ മാറ്റങ്ങൾ കെഎഎസിന്റെ പ്രാധാന്യം ഇല്ലാതാക്കുമെന്നാണ് ഉദ്യോഗാർഥികളുടെ വിമർശനം. കെഎഎസ് കേഡർ ശക്തിപ്പെടുത്തുന്നതിനും സർവീസിൽ കൂടുതൽ നിയമനസാധ്യതകൾ ഒരുക്കുന്നതിനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് വിശദീകരണം. 2026 ജനുവരി 30നാണ് കെഎഎസ് റാങ്ക് പട്ടിക നിലവിൽ വന്നത്. പിഎസ്സി വിജ്ഞാപനപ്രകാരം 31 തസ്തികകളിലേക്കാണ് നിയമനം നടക്കേണ്ടത്.



