രണ്ട് കോടി രൂപ അക്കാദമിയുടെ അക്കൗണ്ടിൽ… മെസി കരാറുമായി ബന്ധമില്ലെന്ന്…

മലപ്പുറം: നോവസ് സോക്കർ അക്കാദമിയുടെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് സ്ഥിരീകരിച്ച് മുൻ ഫുട്ബോൾ താരം യു. ഷറഫലി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർബിസി) നൽകിയ പണം തനിക്ക് വ്യക്തിപരമായി ലഭിച്ചതല്ലെന്നും അക്കാദമിയിലെ നിക്ഷേപമാണെന്നും ഷറഫലി വിശദീകരിച്ചു. മെസിയുമായുള്ള കരാറും ആർബിസിയുടെ നിക്ഷേപവും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർബിസി തന്റെ നോവസ് അക്കാദമിയുടെ പ്രധാന നിക്ഷേപകനാണ്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. ഇനിയും ആർബിസി ഉൾപ്പെടെയുള്ളവരിൽ നിന്ന് ഓഹരി നിക്ഷേപം സ്വീകരിക്കുമെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയാണ് നടത്തിയതെന്നും ഷറഫലി പറഞ്ഞു. കമ്പനി രൂപീകരിച്ചത് 2022ലാണ്. കരാറിൽ ഒപ്പിട്ടത് 2024ലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇല്ലാത്ത കാര്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ഷറഫലി പ്രതികരിച്ചു. യു. ഷറഫലി മാനേജിങ് ഡയറക്ടറായ മലപ്പുറം അരീക്കോട്ടെ നോവസ് സോക്കർ അക്കാദമിക്ക് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ട് കോടി രൂപ നൽകിയതിന്റെ തെളിവ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ലഭിച്ചതിന് പിന്നാലെയാണ് ഷറഫലിയുടെ വിശദീകരണം. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുൻപ് സ്പോൺസറും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഉണ്ടാക്കിയ കരാറിൽ സാക്ഷിയായി യു. ഷറഫലി ഒപ്പിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതിന്റെ പ്രതിഫലമായിട്ടാകാം അക്കാദമിയുടെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ എത്തിയതെന്നാണ് എസ്.ഐ.ടിയുടെ സംശയം. രണ്ട് ഡയറക്ടർമാരുള്ള അക്കാദമിയുടെ മാനേജിങ് ഡയറക്ടറാണ് ഷറഫലി. സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റം നടന്ന 2025 സെപ്റ്റംബർ 26ന് തന്നെയാണ് അക്കാദമിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട് സ്പോൺസർക്ക് അഞ്ച് കോടി രൂപയുടെ സാമ്പത്തിക ഇളവ് നൽകിയതായും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. അതേസമയം, അക്കാദമിയിലെ നിക്ഷേപവും മെസി കരാറും തമ്മിൽ ബന്ധമില്ലെന്ന നിലപാടിലാണ് യു. ഷറഫലി. ഫുട്ബോൾ വികസനത്തിനായി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു.

Related Articles

Back to top button