കെഎസ്ആർടിസി ഡിപ്പോകളിൽ ഇനി അനൗൺസ്‌മെന്റുകളില്ല… പകരം..

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലെ പതിവ് അനൗൺസ്‌മെന്റ് സംവിധാനം ഒഴിവാക്കി ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കാൻ നീക്കം. ബസുകളുടെ സമയക്രമവും മറ്റ് യാത്രാ വിവരങ്ങളും ഡിജിറ്റൽ ബോർഡുകളിലൂടെ പ്രദർശിപ്പിക്കാനാണ് പദ്ധതി. ഡിസംബർ പകുതിയോടെ പുതിയ സംവിധാനം നടപ്പാക്കാനാണ് കെഎസ്ആർടിസിയുടെ ആലോചന. പാലാ ഡിപ്പോയിലെ കണ്ടക്ടറായ കെ.എം. അരുൺ വികസിപ്പിച്ച ‘ട്രംപറ്റ്’ (Trumpet) ആപ്പ് വഴിയുള്ള ഡിജിറ്റൽ അനൗൺസ്‌മെന്റ് സംവിധാനം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാൻ നേരത്തെ കെഎസ്ആർടിസി പദ്ധതിയിട്ടിരുന്നു.

എന്നാൽ ഡിസംബർ രണ്ടാം വാരത്തോടെ ബസ് സ്റ്റാൻഡുകളിലെ അനൗൺസ്‌മെന്റുകൾ അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പുതിയ സംവിധാനത്തെക്കുറിച്ച് ചർച്ചകൾ സജീവമായി. അതേസമയം, അനൗൺസ്‌മെന്റുകൾ ഒഴിവാക്കുന്നത് കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ബസുകളുടെ വരവും പുറപ്പെടുന്ന സമയവും അറിയാൻ ശബ്ദ അറിയിപ്പുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ഡിജിറ്റൽ ബോർഡുകൾ മാത്രം മതിയാകില്ലെന്നതാണ് പ്രധാന ആശങ്ക. തത്സമയ ബസ് വിവരങ്ങൾ ലഭ്യമാക്കുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIS), മൊബൈൽ ആപ്പുകൾ, വാട്സാപ്പ് ടിക്കറ്റിങ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും കെഎസ്ആർടിസി ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്.

Related Articles

Back to top button