ട്രെയിൻ കോച്ചിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു… മൃതദേഹം സീറ്റിനടിയിൽ…

ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ട്രെയിൻ കോച്ചിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ–കോട്ടയം ട്രെയിനിന്റെ കോച്ചിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

നവംബർ 18ന് രാവിലെ എട്ടുമണിയോടെ സീറ്റിനടിയിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് യുവതിയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. നവംബർ 14ന് രാവിലെ എട്ടുമണിക്ക് കൊലപാതകം നടന്ന കോച്ചിൽ നിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങിവരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. നവംബർ 14ന് പുലർച്ചെ 12.30ഓടെയാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

അഞ്ചാം പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന യുവതിയെ പ്രതി ബലംപ്രയോഗിച്ച് വലിച്ചിഴച്ച് റെയിൽവേ യാർഡിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ട്രെയിൻ കോച്ചിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തെ തുടർന്നുണ്ടായ ഗുരുതര പരുക്കുകളാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചുവരികയാണ്.

Related Articles

Back to top button