നിറം വെളുപ്പിക്കാൻ ഫെയർനസ് ക്രീം ഉപയോഗിച്ചു… 17കാരിക്ക് വൃക്കരോഗം

മലപ്പുറം: മെർക്കുറി വിഷാംശം അടങ്ങിയ ഫെയർനസ് ക്രീമുകളുടെ ഓൺലൈൻ വിൽപ്പന വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇത്തരം ക്രീം ഒരു വർഷത്തോളം ഉപയോഗിച്ച മലപ്പുറം സ്വദേശിയായ 17കാരിക്ക് ഗുരുതര വൃക്കരോഗം കണ്ടെത്തി. മെംബ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിക്ക് സ്ഥിരീകരിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വ്യാപകമായി പ്രമോട്ട് ചെയ്യുന്ന ക്രീമാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്.
സുഹൃത്തുക്കളടക്കം നിരവധി പേർ ഈ ക്രീം ഉപയോഗിക്കുന്നുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി. മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനായാണ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്. എന്നാൽ, കടുത്ത ശാരീരിക അവശതകൾ, തലവേദന, ശരീരത്തിൽ നീര് എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ ശരീരത്തിൽ മെർക്കുറിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇതോടെയാണ് ഉപയോഗിച്ചിരുന്ന ക്രീം കേന്ദ്ര ലാബിൽ പരിശോധനയ്ക്ക് അയച്ചത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ ലംഘിച്ച് ഉയർന്ന അളവിൽ മെർക്കുറി ക്രീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി.
ക്രീമിലൂടെ ശരീരത്തിലെത്തുന്ന മെർക്കുറി വൃക്കകളിലെ അരിപ്പകളെ തകരാറിലാക്കും. ഇതോടെ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലയ്ക്കാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയയിലെ പരസ്യങ്ങളും ഇൻഫ്ലുവൻസർമാരുടെ പ്രമോഷനുകളും കണ്ട് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർക്ക് ഈ സംഭവം ഗൗരവമായ മുന്നറിയിപ്പാണ്.



