ഫ്ലൈദുബായ് അപകടം….പ്രതിയായ പൈലറ്റിന് ഇന്ത്യൻ ബന്ധമുണ്ടോ…എൻഐഎ…

പൈലറ്റിനെ ആക്രമിച്ച് ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ സഹപൈലറ്റിന് ഇന്ത്യൻ ബന്ധങ്ങളുണ്ടോ എന്ന് എൻഐഎ അന്വേഷിക്കും. ഇതിനായി യുഎഇയിൽ നിന്ന് കേസിന്റെ രേഖകളും ഒപ്പം ചിലരെ ചോദ്യം ചെയ്യാനുള്ള അനുമതിയും തേടി. സംഭവത്തിൽ പ്രതിയായ ഒമാൻ സ്വദേശിയായ പൈലറ്റിനു ഇന്ത്യൻ ബന്ധങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എൻഐഎ ഡയറക്ടർ ജനറൽ രാകേഷ് അഗർവാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. “ചില രേഖകളുടെ പകർപ്പുകൾ ആവശ്യപ്പെട്ടുള്ള അഭ്യർഥനയും ചിലരെ ചോദ്യം ചെയ്യാനുള്ള അനുമതിയും ഞങ്ങൾ യുഎഇയോടു ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികരണത്തിനായി കാത്തിരിക്കുകയാണ്,” അഗർവാൾ പറഞ്ഞു. ക്രിമിനൽ അന്വേഷണങ്ങളിൽ രാജ്യങ്ങൾക്ക് സഹകരിക്കാൻ കഴിയുന്ന പരസ്പര നിയമ സഹായ ഉടമ്പടി (എംഎൽഎടി) പ്രകാരമാണ് ഈ അഭ്യർഥന അയച്ചത്.

വിദേശത്ത് പഠിച്ച പൈലറ്റിന്റെ പശ്ചാത്തലവും എൻഐഎ പരിശോധിക്കുന്നുണ്ട്, കൂടാതെ അവിടെ ആരോടൊക്കെ സമ്പർക്കം പുലർത്തിയെന്നും അന്വേഷിക്കും. പ്രതിയായ പൈലറ്റിന്റെ സുഹൃദ് വലയത്തിൽ ഇന്ത്യക്കാരുണ്ടോ എന്നതടക്കം ഏജൻസി അന്വേഷണം നടത്തുമെന്നും അഗർവാൾ പറഞ്ഞു. സെപ്റ്റംബർ 30 നാണ് ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിലെ ക്യാപ്റ്റൻ ഇന്ത്യക്കാരനായ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത്. ആക്രമണത്തിൽ ക്യാപ്റ്റനു ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് സാഹസികമായി വിമാനം സൗദി അറേബ്യയിൽ ഇറക്കി. സംഭവത്തിൽ ഒക്ടോബറിൽ എൻഐഎ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

Related Articles

Back to top button