കെഎസ്ആർടിസി ബസിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാർഥി.. ജീവനക്കാർക്കെതിരെ…

കൊല്ലം: കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർഥിക്ക് പരുക്ക്. നെടുവത്തൂർ ഇ.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർഥി ദേവനന്ദനാണ് പരുക്കേറ്റത്. കൊല്ലം–പുനലൂർ ഓർഡിനറി ബസിൽ യാത്ര ചെയ്യുന്നതിനിടെ വാതിൽ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് പരാതി. അപകടത്തിന് പിന്നാലെ ബസ് നിർത്താനോ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാനോ ജീവനക്കാർ തയ്യാറായില്ലെന്നാണ് ആരോപണം.

തുടർന്ന് സഹപാഠികളാണ് ദേവനന്ദനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതിനിടെ, ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചിരുന്നു. അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അന്നപൂർണേന്ദു (15) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ബസ് ഡ്രൈവറെ പിറ്റേദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button