ബാലഭാസ്കറിന്റെ മരണത്തിൽ വീണ്ടും അന്വേഷണം… മാതാപിതാക്കളിൽ നിന്ന്…

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ പ്രത്യേക സംഘം പുനരന്വേഷണം ആരംഭിച്ചു. അപകടമരണവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ്, സിബിഐ അന്വേഷണസംഘങ്ങൾ സമർപ്പിച്ച റിപ്പോർട്ടുകൾ തള്ളണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നൽകിയ ഹർജിയിലാണ് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി സിബിഐ അഴിമതി നിരോധന യൂണിറ്റിലെ എസ്.പി. വി. ദേവരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അപകടം നടന്ന സ്ഥലം സംഘം നേരിട്ട് സന്ദർശിച്ചു.
ബാലഭാസ്കറിന്റെ മാതാപിതാക്കളിൽ നിന്ന് വിശദമായ മൊഴിയും രേഖപ്പെടുത്തി. നിലവിൽ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന അന്വേഷണസംഘം, പിതാവ് നൽകിയ പരാതിയിൽ പരാമർശിച്ചിട്ടുള്ള വ്യക്തികൾക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മുൻ അന്വേഷണത്തിൽ പരിശോധിക്കാതെ പോയ കാര്യങ്ങളും അപകടവുമായി ബന്ധപ്പെട്ട ദുരൂഹതകളും സംഘം വിശദമായി പരിശോധിക്കും. തൃശ്ശൂരിൽ താമസിച്ചിരുന്ന ബാലഭാസ്കർ ഒരു സിനിമാ സംവിധായകന്റെ ഫോൺവിളിയെ തുടർന്നാണ് പെട്ടെന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്ന വാദം നേരത്തെ ഉയർന്നിരുന്നു. എന്നാൽ താൻ ബാലഭാസ്കറിനെ അത്തരത്തിൽ വിളിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട സംവിധായകൻ വ്യക്തമാക്കിയത്. ഈ ഫോൺവിളിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പുതിയ അന്വേഷണത്തിൽ പരിശോധിക്കുമെന്നാണ് വിവരം. 2018 ഒക്ടോബർ രണ്ടിനാണ് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല മരിച്ചു. ഭാര്യ ലക്ഷ്മിക്കും കാർ ഡ്രൈവർ അർജുനും ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിൽ ചികിത്സ നൽകിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നതടക്കം നിരവധി ആരോപണങ്ങൾ പിന്നീട് ഉയർന്നിരുന്നു. അപകടത്തിന്റെ സാഹചര്യങ്ങൾ, യാത്രയുമായി ബന്ധപ്പെട്ട ദുരൂഹതകൾ, മുൻ അന്വേഷണത്തിൽ പരിശോധിക്കാതെ പോയ കാര്യങ്ങൾ എന്നിവയാണ് പുതിയ അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുക. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വർഷങ്ങളായുള്ള ദുരൂഹതകൾക്ക് പുതിയ അന്വേഷണം ഉത്തരം നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.




