സബ്ജില്ലാകലോത്സവ വേദിയിൽ കൂട്ടത്തല്ല്… കസേരകൾ വലിച്ചെറിഞ്ഞ് വിദ്യാർഥികൾ

മലപ്പുറം: എടപ്പാൾ സബ്ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. കലോത്സവത്തിന്റെ രണ്ടാംദിനമായ ഇന്ന് രാവിലെയാണ് വിവിധ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ട് സംഘർഷം നിയന്ത്രിച്ചു. കലോത്സവത്തിലെ ഒന്നാം വേദിയുടെ പിറകിലാണ് സംഘർഷമുണ്ടായത്.
വിവിധ മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തർക്കം ആരംഭിച്ചതെന്നാണ് വിവരം. ചില സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികളും ഒപ്പമുണ്ടായിരുന്നവരും ഫലപ്രഖ്യാപനത്തെ ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. പിന്നീട് തർക്കം ഉന്തുംതള്ളിലേക്കും കൂട്ടയടിയിലേക്കും മാറുകയായിരുന്നു. ഇതിനിടെ കസേരകൾ പരസ്പരം വലിച്ചെറിയുകയും ചെയ്തു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ നിയന്ത്രിക്കുകയും കൂടുതൽ സംഘർഷം ഒഴിവാക്കുകയുമായിരുന്നു. കലോത്സവത്തിന്റെ ആവേശത്തിനിടെ ഉണ്ടായ സംഘർഷം രക്ഷിതാക്കൾക്കും സംഘാടകർക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.




