ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തു… എന്നിട്ടും പിഴയടയ്ക്കാൻ ചലാൻ…

തൃശ്ശൂർ: ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിട്ടും ഹെൽമെറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പിഴ ചുമത്തി പൊലീസ്. വാടാനപ്പള്ളി സംസ്ഥാനപാതയിൽ യാത്ര ചെയ്ത കാരമുക്ക് സ്വദേശികളായ സഹോദരിമാർക്കാണ് പൊലീസിന്റെ ചലാൻ ലഭിച്ചത്. ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്ന ഇരുവരുടെയും ചിത്രം സഹിതമാണ് പിഴയടയ്ക്കാനുള്ള നിർദേശം ലഭിച്ചത്.

ചലാനിനൊപ്പം അയച്ചുനൽകിയ ചിത്രത്തിൽ സ്കൂട്ടറിന്റെ പിന്നിലിരിക്കുന്ന യുവതിയും ഓടിക്കുന്ന യുവതിയും ഹെൽമെറ്റ് ധരിച്ചിട്ടുള്ളത് വ്യക്തമായി കാണാം. എന്നാൽ ഹെൽമെറ്റ് ധരിച്ചില്ലെന്ന നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. ചലാനും അതിനൊപ്പമുള്ള ചിത്രവും കണ്ടതോടെയാണ് സഹോദരിമാർ അമ്പരന്നത്. സംഭവത്തിൽ വ്യക്തത തേടി പൊലീസിൽ പരാതിപ്പെട്ടപ്പോൾ എസ്പി ഓഫീസുമായി ബന്ധപ്പെടാനാണ് നിർദേശം ലഭിച്ചതെന്ന് യുവതികൾ പറയുന്നു. ഹെൽമെറ്റ് ധരിച്ചിട്ടും ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ പിഴ ചുമത്തിയ സംഭവത്തിൽ ചലാനിലെ പിഴവ് എങ്ങനെയുണ്ടായെന്ന ചോദ്യമാണ് ഉയരുന്നത്. സംഭവത്തിൽ അധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല.

Related Articles

Back to top button