പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ച് എസ് ബി രാജു….

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് എസ് ബി രാജു. ഫേസ്ബുക്ക് കുറിപ്പിലാണ് രാജി പ്രഖ്യാപനം നടത്തിയത്. ടി എം ശശി ആലത്തൂര്‍ എംഎല്‍എ ആയപ്പോഴാണ് എസ് ബി രാജു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും പല്ലശന ഡിവിഷനില്‍ നിന്നുള്ള അംഗവുമായ വി പൊന്നുകുട്ടൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയേക്കും.
പാർട്ടിയുടെ സ്വാഭാവിക തീരുമാനമെന്നാണ് സിപിഎമ്മിന്റെ മറുപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി എം ശശി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജി വച്ചപ്പോൾ തന്നെ പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ ധാരണ ആയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പൊന്നുകുട്ടനെ പല്ലശന വാർഡിൽ മത്സരിപ്പിച്ചു ജയിപ്പിച്ച് പ്രസിഡന്റ് ആക്കുക എന്നായിരുന്നു തീരുമാനം. അതുവരെ വൈസ് പ്രസിഡന്റ് സരിത ജില്ലാ പഞ്ചായത്ത് നയിക്കും എന്നും ധാരണയായി.
എന്നാൽ അതിനിടയിൽ എത്രയും വേഗം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക എന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ പഞ്ചായത്തിന് കത്ത് നൽകി. അങ്ങനെ ആണ് മുതിർന്ന അംഗമായ എസ് ബി രാജുവിന് താൽക്കാലിക ചുമതല നൽകിയത്. ആ സ്ഥാനം ഇപ്പോൾ ഒഴിയുക മാത്രമാണ് ചെയ്തത് എന്ന് സിപിഎം വിശദീകരിക്കുന്നു.



