മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് 3.64 ലക്ഷം രൂപയുടെ…. അഞ്ചംഗ സംഘം പിടിയിൽ

മലപ്പുറം: മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ലക്ഷങ്ങൾ വിലവരുന്ന അടക്ക മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയിൽ. കുഴിമണ്ണ കിഴിശേരി തവനൂർ റോഡിലെ ചെങ്ങിണീരി അടക്ക മാർക്കറ്റിൽ നിന്നാണ് 3.64 ലക്ഷം രൂപയോളം വിലവരുന്ന 16 ചാക്ക് പൊളിച്ച അടക്ക മോഷ്ടിച്ചത്. സംഭവത്തിൽ മൂന്ന് യുവാക്കളും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്.

കിഴിശേരി ചെമ്മക്കോട്ടിൽ റഹീസ് (18), മുതുവല്ലൂർ മുണ്ടക്കുളം അയിനാത്ത് സൽമാൻ ഫാരിസ് (19), മുണ്ടക്കുളം വെള്ളാട്ടുചോല മുഹമ്മദ് ആദിൽ (18) എന്നിവരാണ് പിടിയിലായ യുവാക്കൾ. മാർക്കറ്റിനുള്ളിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അടക്കയായിരുന്നു സംഘം ലക്ഷ്യമിട്ടത്. ഗേറ്റ് ചാടിക്കടന്നാണ് മോഷണം നടത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പറമ്പിൽപീടിക ഭാഗത്ത് മോഷ്ടിച്ച അടക്ക വിൽക്കാനെത്തിയ അഞ്ചുപേരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

മോഷ്ടിച്ച 16 ചാക്കുകളിൽ പത്ത് ചാക്ക് പറമ്പിൽപീടികയിലെ ഒരു കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച കാറും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ മൂന്ന് പേരെ കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കൊണ്ടോട്ടി ഇൻസ്പെക്ടർ സംഗീത പുനത്തിൽ, എസ്.ഐ ആഷിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.

Related Articles

Back to top button