കണ്ണുനിറച്ച് ഉള്ളിവില, കിലോയ്ക്ക്.. വെളുത്തുള്ളി വിലയും റെക്കോർഡിൽ

സംസ്ഥാനത്ത് ഉള്ളിവില കുതിച്ചു ഉയരുന്നു. ഉള്ളിവില സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. കിലോയ്ക്ക് 180 രൂപ മുതൽ 200 രൂപ വരെ വില കയറിയത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരേപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഉള്ളിയുടെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണം. ഡിണ്ടിഗൽ, തിരുപ്പൂർ, പെരമ്പല്ലൂർ, തിരുച്ചിറപ്പിള്ളി, തേനി, മധുര എന്നിവിടങ്ങളിൽ നിന്നാണ് ഉള്ളി എത്തുന്നത്. ഇവിടങ്ങളിൽ കനത്തമഴയും വെള്ളക്കെട്ടുംമൂലം കൃഷി നശിച്ചതും നവംബറിൽ വിളവെടുപ്പില്ലാത്തതുമാണ് ഉള്ളിവരവ് കുറയാൻ കാരണം.
ഉള്ളിവില നവംബർ ആദ്യമുതൽ സാവധാനം ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബറിൽ 80-90 രൂപയായിരുന്നു വില. വെളുത്തുള്ളി വിലയും റെക്കോർഡിലാണ്. ഗ്രേഡ് അനുസരിച്ച് കിലോഗ്രാമിന് 280 രൂപ മുതൽ 360 രൂപ വരെയാണ് ചില്ലറവിൽപ്പന വില. വിലവർധന മൂലം ഹോട്ടൽ, കാറ്ററിങ് മേഖലയും പ്രതിസന്ധിയിലാണ്.സവാള വില 50-60 എന്ന നിലയിലാണ്.



