ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം; പരാതിയുമായി കോൺഗ്രസ് നേതാക്കൾ

പാലക്കാട്ടെ ബിജെപി നേതാവിന്റെ സഹോദരിക്ക് കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം. ബിജെപി മഹിളാ മോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യയ്ക്കാണ് ഇവിടെ താൽക്കാലിക നിയമനം ലഭിച്ചത്. ഈ നിയമനത്തിന് പിന്നിൽ പാലക്കാട്ടെ മുതിർന്ന ചില കോൺഗ്രസ് നേതാക്കളാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി, കെ.പി.സി.സി. പ്രസിഡന്റ്, ഡി.സി.സി. പ്രസിഡന്റ് എന്നിവർക്ക് പരാതി നൽകി.
പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്ക് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ വ്യക്തമാക്കി. വേക്കൻസി നികത്തിയതിൽ അപാകതകളോ മാനദണ്ഡ ലംഘനങ്ങളോ ഉണ്ടെങ്കിൽ ഇടപെട്ട് തിരുത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരാതിയിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും, കോൺഗ്രസുകാർ ആരും ബിജെപിക്കാർക്ക് ശുപാർശ ചെയ്യാൻ സാധ്യതയില്ലെന്നും എന്ത് സ്നേഹത്തിന്റെ പേരിലായാലും ബിജെപിക്കാർക്ക് അത്തരം ശുപാർശകൾ നൽകില്ലെന്നും എ. തങ്കപ്പൻ കൂട്ടിച്ചേർത്തു.



