എ ഗ്രൂപ്പിന് മാത്രമല്ല… എല്ലാവർക്കും അതൃപ്തിയുണ്ട്… എം.എം. ഹസൻ

തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ നിയമനങ്ങൾ വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. അതൃപ്തി എ ഗ്രൂപ്പിന് മാത്രമല്ല, കോൺഗ്രസിലെ എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന് കൂടുതൽ പരിഗണന ലഭിക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്നും ഹസൻ വ്യക്തമാക്കി. ബോർഡ്, കോർപറേഷൻ നിയമനങ്ങളിൽ തീരുമാനം ഏറെ വൈകിയെന്നും എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.
ഉടൻ തീരുമാനമുണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനുള്ളിലെ ഭിന്നത സംബന്ധിച്ച ചോദ്യങ്ങൾ മുഖ്യമന്ത്രിയോടും സർക്കാരിലുള്ളവരോടുമാണ് ചോദിക്കേണ്ടതെന്നും ഹസൻ പ്രതികരിച്ചു. അതേസമയം, ബോർഡ്, കോർപറേഷൻ വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിലെ എ ഗ്രൂപ്പ് പ്രതിഷേധം ശക്തമാക്കുകയാണ്. വിഷയം ഉന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കാണാനാണ് നീക്കം. ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെന്നി ബെഹനാനെയോ ഷാഫി പറമ്പിലിനെയോ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം.
അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ.സി. വേണുഗോപാൽ പക്ഷമാണെന്ന് വി.ഡി. സതീശൻ അനുകൂലികൾ തുടക്കം മുതൽ ആരോപിക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കെ.സി. വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സർക്കാർ അധികാരമേറ്റെടുത്ത് ആറ് മാസം പിന്നിട്ടിട്ടും ബോർഡ്, കോർപറേഷൻ വിഭജനം പൂർത്തിയാക്കാനാകാത്തതിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്.



