വാഹനത്തിന്റെ ലൊക്കേഷൻ അറ്റ്ലാൻറിക് സമുദ്രത്തിൽ, വേഗത 1 കിലോമീറ്റർ കൂടുതൽ, 2000 രൂപയുടെ ചലാൻ..

ഒരു കിലോമീറ്റർ കൂടുതൽ വേഗതയിൽ വാഹനമോടിച്ചു, യുവാവിന് 2000 രൂപയുടെ ചലാൻ. അനുജീത് ശിവം എന്ന യുവാവാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. യമുന എക്സ്പ്രസ്വേയിലൂടെ വാഹനമോടിച്ചപ്പോഴാണ് യുവാവ് വേഗപരിധിയേക്കാൾ ഒരു കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചത്. ഇവിടുത്തെ വേഗപരിധി 100 kmph ആണ്. യുവാവ് വാഹനമോടിച്ചത് 101 kmph വേഗതയിലും. ‘വെറും 1 km/h അത്രമാത്രം’ എന്ന് കുറിച്ചുകൊണ്ടാണ് യുവാവ് സോഷ്യൽ മീഡിയയിൽ ചലാന്റെ ചിത്രമടക്കം പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
0°N, 0°E എന്നാണ് ക്യാമറ യുവാവിന്റെ വാഹനത്തിന്റെ ലൊക്കേഷൻ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ ലൊക്കേഷൻ വരുന്നത് അറ്റ്ലാന്റിക് സമുദ്രത്തിലാണ്! എന്തായാലും, തന്റെ പോസ്റ്റിൽ യുവാവ് യുപി ട്രാഫിക് പൊലീസിനെയും നോയ്ഡ ട്രാഫിക് പൊലീസിനേയും ടാഗ് ചെയ്തിട്ടുണ്ട്. ‘ഇങ്ങനെയാണോ ശരിക്കും റോഡ് സുരക്ഷ പ്രാവർത്തികമാകുന്നത്’ എന്നാണ് യുവാവ് ചോദിച്ചിരിക്കുന്നത്. നോയ്ഡ ട്രാഫിക് പൊലീസ് ചോദ്യത്തിന് പോസ്റ്റിൽ തന്നെ മറുപടിയും നൽകിയിട്ടുണ്ട്. ‘ദയവായി ഇ ചലാൻ ഹെൽപ്ലൈൻ നമ്പറായ 7065060882 വിളിക്കുക’ എന്നാണ് പൊലീസ് പ്രതികരിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ചിലർ പറഞ്ഞത്, ‘മാക്സിമം വേഗപരിധിയാണ് മണിക്കൂറിൽ 100 കിലോമീറ്റർ. അതിന്റെ അർത്ഥം 100 -ൽ പോകണം എന്നല്ല. 90-95 ലൊക്കെ ഡ്രൈവ് ചെയ്യണം’ എന്നാണ്. മറ്റു ചിലർ ഇതിലെ നിയമപരമായ വശങ്ങൾ ചൂണ്ടിക്കാട്ടിയും രംഗത്തെത്തി. ‘മിക്ക രാജ്യങ്ങളും 10 ശതമാനം വരെ വേഗതയിൽ ഇളവ് അനുവദിക്കുന്നുണ്ട്. ഇന്ത്യയിലെ മോട്ടോർ വാഹന നിയമം 5 ശതമാനം വരെ ഇളവ് അനുവദിക്കുന്നുണ്ട്. അതിനാൽ 101 kmph വേഗതയിൽ പിഴ ചുമത്തിയത് നിയമലംഘനമാണ്, ഇത് ആ 5 ശതമാനത്തിന്റെ പരിധിക്കുള്ളിലായതിനാൽ പിഴ അടയ്ക്കരുത്’ എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.
