മെസ്സിയുടെ പേര് വിറ്റ് നടന്ന തട്ടിപ്പ്; മുൻ കായിക മന്ത്രിക്കെതിരെ പത്ത് വർഷം വരെ തടവുശിക്ഷ..

മെസ്സിയെയും അർജന്റീന ടീമിന്റെയും കേരളത്തിൽ എത്തിക്കാമെന്നതിന്റെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ തീരുമാനം. പൊതുസ്വത്ത് ദുരുപയോഗം ചെയ്യൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മുൻ മന്ത്രിക്കെതിരെ ചുമത്തുക. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

അന്വേഷണത്തിന് ഗവർണറുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിൽ നിന്ന് ഇതുസംബന്ധിച്ച നിർദേശം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, 11, 13(1)(എ), 13(2) എന്നിവ പ്രകാരമായിരിക്കും നടപടി. വി. അബ്ദുറഹ്മാനെ താമസിയാതെ കേസിൽ പ്രതിചേർക്കും.

അബ്ദുറഹ്മാനെ കൂടാതെ അദ്ദേഹത്തിന്റെ മുൻ സ്റ്റാഫ് അംഗം സി.സി സത്യപാൽ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ഷറഫ് അലി തുടങ്ങിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയേക്കും. ഇവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം അധികം താമസിയാതെ കടന്നേക്കും. അറസ്റ്റടക്കമുള്ള തുടർനടപടികളും അന്വേഷണത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.

മെസി തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് രണ്ടാം പ്രതി. മുൻ മന്ത്രിയെയും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയേയും, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റിനെയും കൂടി കേസിൽ പ്രതി ചേർക്കുന്നതോടെ ആകെ പ്രതികളുടെ എണ്ണം അഞ്ചാകും. കേസിൽ കൂടുതൽ പേരുടെ പങ്കും എസ്ഐടി അന്വേഷിക്കും.

Related Articles

Back to top button