പി ടി ഉഷയ്ക്ക് വീണ്ടും തിരിച്ചടി…..ഐഒഎ ജനറൽ അസംബ്ലിയിലേക്കുളള പ്രതിനിധി പട്ടികയിലും പേരില്ല

ഇന്ത്യൻ ഒളിമ്പിക്ക് അസോസിയേഷൻ ജനറൽ അസംബ്ലിയിലേക്കുളള രണ്ട് പ്രതിനിധികളുടെ പട്ടികയില്‍ പി ടി ഉഷയുടെ പേരില്ല. പി ടി ഉഷയെ ഒഴിവാക്കി രണ്ട് പ്രതിനിധികളുടെ പട്ടിക വരണാധികാരിക്ക് എഎഫ്ഐ കൈമാറി. ഐഒഎ ജനറൽ അസംബ്ലിയിൽ വനിതാ താരങ്ങളുടെ പ്രതിനിധി ആകാനുള്ള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പി ടി ഉഷയുടെ പ്രതീക്ഷ ആയിരുന്നു അത്ലറ്റിക്ഫെഡറേഷൻ റൂട്ട് . എന്നാൽ പി ടി ഉഷയെ ഒഴിവാക്കി രണ്ട് പ്രതിനിധികളുടെ പട്ടിക വരണാധികാരിക്ക് സംഘടന കൈമാറിയതോടെ ഐഒഎ അധ്യക്ഷയുടെ വഴി അടഞ്ഞു. എഎഫ്ഐ പ്രസിഡന്‍റ് ആദിൽ സുമരിവാല , ബംഗാൾ സ്വദേശിയായ ഒളിംപ്യൻ ജ്യോതിർമയി സിക്ദർ എന്നിവരാണ് എഎഫ്ഐ പ്രതിനിധികൾ. മറ്റേതെങ്കിലും കായിക സംഘടന ഉഷയെ നാമനിർദേശം ചെയ്യാൻ സാധ്യത കുറവെന്നാണ് വിലയിരുത്തൽ.

ജനറൽ അസംബ്ലിയിലെ കായിക സംഘടനാ പ്രതിനിധികളുടെ പട്ടിക ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്കുള്ളിലാണ് നൽകേണ്ടത്. യൂത്ത് ഒളിംപിക്സിനായ സെനഗലിലേക്ക് ഉഷ ഒക്ടോബർ 29ന് പോയതിന് ശേഷമാണ് അട്ടിമറി നീക്കങ്ങൾ തുടങ്ങിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അപകടം മണത്ത ഉഷ സെനഗൽ സന്ദർശനം വെട്ടിച്ചുരുക്കി ഈ മാസം നാലിന് തിരിച്ചെത്തിയെങ്കിലും എതിർചേരി കരുത്താർജ്ജിച്ചിരുന്നു. പിന്മാറുന്നതാകും ഉചിതമെന്ന് ചിലർ ഉപദേശിച്ചെങ്കിലും കേന്ദ്രസർക്കാരിലെ ഉന്നത നേതൃത്വം തനിക്കൊപ്പമാണെന്ന് പറഞ്ഞ് ഉഷ മത്സരത്തിൽ ഉറച്ചുനിന്നു എന്നാണ് വിവരം. അനീതിയെ എതിർക്കുകയും എല്ലാവരെയും സന്തോഷിപ്പിച്ച് സംസാരിക്കാതിരിക്കുകയും ചെയ്തതിനാലാണ് ഉഷ തോറ്റതെന്ന് എസ്ഒഎം തെരഞ്ഞെടുപ്പിൽ വോട്ടറായിരുന്ന ഒളിംപ്യൻ പി രാമചന്ദ്രൻ പറഞ്ഞു.

Related Articles

Back to top button