ഭാര്യ വീട് വിട്ടുപോയത് സര്‍ക്കാരിൻ്റെ സ്ത്രീ സൗജന്യയാത്രാ ബസില്‍, പദ്ധതി നിര്‍ത്തലാക്കണമെന്ന് ഭര്‍ത്താവ്….

കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര നിര്‍ത്തലാക്കണമെന്ന് പലകോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ടല്ലോ. വരുമാന നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകളടക്കം പലപ്പോഴായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. അടുത്തിടെ, തെലങ്കാനയിലും ഇങ്ങനെ ഒരു ആവശ്യമുയര്‍ന്നതാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. വീട്ടിലെ വഴക്കിന് പിന്നാലെ ഭാര്യ പിണങ്ങിപ്പോയതിന് കാരണം തെലങ്കാന സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രാ പദ്ധതിയാണെന്ന് കാണിച്ച് സ്ഥലം എംഎല്‍എക്ക് പരാതി നല്‍കിയിരിക്കുകയാണ് ഒരു ഭര്‍ത്താവ്. പദ്ധതി ഉടന്‍ നിര്‍ത്തലാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
വീട്ടിലെ വഴക്കിനെ തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യ, സര്‍ക്കാരിന്റെ മഹാലക്ഷ്മി സൗജന്യ ബസ് യാത്രാ പദ്ധതി പ്രയോജനപ്പെടുത്തി ഇഷ്ടംപോലെ യാത്ര ചെയ്തുവെന്നാണ് ഭര്‍ത്താവായ ബണ്ടി കണക്കയ്യയുടെ പരാതി. മുന്‍പ് ഇത്രയും ദൂരം അവര്‍ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലെന്നും സൗജന്യയാത്ര ആയതുകൊണ്ടാണ് ഇത്രയധികം കറങ്ങിയതെന്നും ഇയാള്‍ പറയുന്നു.
ഇതേത്തുടര്‍ന്ന്, തെലങ്കാനയിലെ കരീംനഗര്‍ ജില്ലയിലെ മനക്കൊണ്ടരു എംഎല്‍എ കാവപള്ളി സത്യനാരായണിനെയാണ് ഇയാള്‍ നേരില്‍ കണ്ട് പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടത്. ഭാര്യയെ കാണാതായെങ്കില്‍ പൊലീസില്‍ പരാതിപ്പെടാന്‍ എംഎല്‍എ നിര്‍ദേശിക്കുകയും, ഇനി പിണങ്ങിപ്പോയാല് തിരഞ്ഞുപോകരുതെന്ന് ഉപദേശിക്കുകയും ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞ് വരുമ്പോള്‍ ഭക്ഷണം ഉണ്ടാക്കിനല്‍കാന്‍ ഭാര്യ വേണമെന്നും, അതിനാല്‍ സൗജന്യ ബസ് യാത്രാ പദ്ധതി നിര്‍ത്തലാക്കണമെന്നുമാണ് ഭര്‍ത്താവ് ഇതിന് മറുപടിയായി പറഞ്ഞത്.



