ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം… പ്രസവത്തിനിടെ ശരീരത്തിൽ…

തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി യുവതി രംഗത്ത്. പ്രസവത്തിനുശേഷം ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിനുള്ളിൽ പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്നാണ് ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയയുടെ പരാതി. എന്നാൽ ആരോപണം തള്ളിയ ഡോക്ടർ, പരാതിക്കാർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പ്രത്യാരോപണവുമായി രംഗത്തെത്തി. കഴിഞ്ഞ ആഗസ്റ്റ് 19-നാണ് ഫാത്തിമത്തുൽ ഷറഫിയയ്ക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സാധാരണ പ്രസവം നടന്നത്.
തുടർന്ന് ബ്ലീഡിങ് ഉണ്ടായതിനെത്തുടർന്ന് യൂട്രസിൽ തുന്നൽ ഇട്ടിരുന്നു. എന്നാൽ ഇതിനുശേഷം കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായതായി യുവതി പറയുന്നു. താലൂക്ക് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടെങ്കിലും പഴുപ്പിനുള്ള മരുന്ന് നൽകി മടക്കുകയായിരുന്നുവെന്നും കൃത്യമായി പരിശോധിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. തുടർന്ന് മറ്റൊരു സ്വകാര്യ ഡോക്ടറെ കണ്ട് സ്കാൻ ചെയ്തപ്പോഴാണ് ശരീരത്തിനുള്ളിൽ പഞ്ഞി ഉള്ളതായി തിരിച്ചറിഞ്ഞത്. തുടർന്ന് മറ്റൊരു ആശുപത്രിയിൽ നിന്നാണ് പഞ്ഞി പുറത്തെടുത്തത്. ഏകദേശം 43 ദിവസത്തോളം പഞ്ഞി ഉള്ളിൽ കിടന്നാണ് താൻ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചതെന്ന് യുവതി വ്യക്തമാക്കുന്നു.
പരാതിയുമായി ചെന്നപ്പോൾ ഡോക്ടർ ഒത്തുതീർപ്പിന് ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ ഡോ. ഡിറ്റോ പൂർണ്ണമായും നിഷേധിച്ചു. പരാതിക്കാർ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും, അതിന് വഴങ്ങില്ലെന്ന് കണ്ടതോടെയാണ് വ്യാജ പരാതി ഉന്നയിച്ചതെന്നുമാണ് ഡോക്ടറുടെ വാദം. താൻ എല്ലാ പ്രൊസീജിയറുകളും പാലിച്ചാണ് ചികിത്സ നടത്തിയതെന്നും തെറ്റു ചെയ്യാത്തതിനാൽ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഡി.എം.ഒയോട് പരാതി അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ടും അറിയിച്ചു.



