വന്ദേമാതരം വിഷയം രാഷ്ട്രീയ വിവാദമാക്കി ബിജെപി; ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ..

വന്ദേമാതരം ചൊല്ലുന്നതിനിടയ്ക്ക് ആരോഗ്യ മന്ത്രി അതൃപ്തി പ്രകടിപ്പിച്ച് സീറ്റിൽ ഇരുന്നതിനെ രാഷ്ട്രീയ വിവാദമാക്കി ബിജെപി. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ വന്ദേമാതരം ചൊല്ലിയപ്പോൾ അനാദരവ് കാണിച്ചെന്നാണ് വിമർശനം. അജണ്ടയിൽ ഈശ്വര പ്രാർത്ഥന കാണിച്ച് ചൊല്ലിയത് വന്ദേമാതരമാണെന്ന പ്രതികരണവുമായി ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും രംഗത്തെത്തി. കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ പരിപാടിക്കിടയിലാണ് വിവാദ സംഭവം.
മുള്ളേരിയ കുടുംബാംരോഗ്യ കേന്ദ്രത്തിൽ ലാബിന്റെ ഉദ്ഘാടനത്തിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങ് ആരംഭിക്കുമ്പോൾ തന്നെ വന്ദേമാതരം ചൊല്ലി. ആദ്യ രണ്ട് ശ്ലോകങ്ങൾ ചൊല്ലിയപ്പോൾ വേദിയിലുള്ള എല്ലാവരും എഴുന്നേറ്റുനിന്നു. വന്ദേമാതരം പൂർണമായി ചൊല്ലുകയാണെന്ന് മനസ്സിലായപ്പോൾ ആരോഗ്യമന്ത്രി വേദിയിൽ വച്ച് തന്നെ അതൃപ്തി പ്രകടമാക്കി. ജില്ലാ കളക്ടർ ശ്രീധന്യാ സുരേഷിനോടും, രാജ്മോഹൻ ഉണ്ണിത്താൻ എംപി യോടും അതൃപ്തി പറഞ്ഞശേഷം ചൊല്ലുന്നതിനിടയ്ക്ക് തന്നെ ഇരിപ്പിടത്തിൽ ഇരുന്നു. എന്നാൽ ഡിസിസി അധ്യക്ഷൻ ഫൈസലും, നീലകണ്ഠൻ എംഎൽഎയും വന്ദേമാതരം ചൊല്ലി തീരുന്നതുവരെ എഴുന്നേറ്റുനിന്നു. സർക്കാർ ചട്ടത്തിന് വിരുദ്ധമായാണ് കാര്യങ്ങൾ നടന്നതെന്ന് കെ മുരളീധരൻ.
ബിജെപി വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. വന്ദേമാതരത്തോട് അനാദരവ് കാണിച്ചെന്നും നിയമം നടപ്പിലാക്കേണ്ടവർ തന്നെയാണ് ലംഘിച്ചതെന്നും വിമർശനം. ആരോഗ്യമന്ത്രിക്കും മറ്റു നേതാക്കൾക്കും രാഷ്ട്രീയമുണ്ടാകും. എന്നാൽ ജില്ലാ കളക്ടറിൽ നിന്നുള്ള രീതി ശരിയായില്ലെന്നും ബിജെപി നേതാക്കൾ. അതേ സമയം, ബിജെപിയുടെ രാഷ്ട്രീയ ആരോപണങ്ങളെ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് തള്ളി. അജണ്ടയിലുണ്ടായിരുന്നതും ,അനൗൺസ് ചെയ്തതും ഈശ്വര പ്രാർത്ഥനയായിരുന്നു. എന്നിട്ട് വന്ദേമാതരം ചൊല്ലുന്നത് തെറ്റായ രീതിയാണ്. സർക്കാരിൻറെ പ്രോട്ടോകോൾ പ്രകാരം വന്ദേമാതരം മുഴുവൻ ചൊല്ലുന്നത് ശരിയല്ലെന്ന് പറഞ്ഞത് ആരോഗ്യമന്ത്രിയാണെന്നും പ്രതികരണം. അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഗവർണർക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകാനിരിക്കുകയാണ് ബിജെപി.




