മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരല്ല… തോമസ് ഐസക്

കോഴിക്കോട്: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് മുതിർന്ന നേതാവ് തോമസ് ഐസക്. മമ്മൂട്ടിയെ ആക്രമിക്കുന്നത് സിപിഐഎം പ്രവർത്തകരല്ലെന്നും ആർക്കും സിപിഐഎമ്മിന് വേണ്ടി എന്ന് അവകാശപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി കേരളത്തിലെ ഏറ്റവും വലിയ നടനാണെന്നും ഇടതുപക്ഷത്തോട് സൗഹാർദ്ദം പുലർത്തുന്ന വ്യക്തിയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
മനുഷ്യർ പരസ്പരം വീടുകൾ സന്ദർശിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. സിപിഐഎമ്മിന് നേതാക്കളും ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളുമുണ്ട്. രാഷ്ട്രീയ നിലപാട് സ്വീകരിക്കണമോ എന്നത് ഓരോ വ്യക്തിയും തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഐടിയു സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങളെക്കുറിച്ചും തോമസ് ഐസക് പ്രതികരിച്ചു. സമ്മേളനത്തിൽ നടന്ന ചർച്ചകളെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവില്ലെന്നും സിപിഐഎം അംഗീകരിച്ച രേഖയിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാജയകാരണങ്ങളെക്കുറിച്ച് ചർച്ചകൾ ഉയരുന്നതിൽ അത്ഭുതമില്ല. തിരുത്തലിന്റെ ഭാഗമാണ് ഇത്തരം ചർച്ചകളെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സാമ്പത്തിക സ്ഥിതിയായിരുന്നില്ല രണ്ടാം സർക്കാരിന്റെ കാലത്തുണ്ടായിരുന്നത്. കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും തോമസ് ഐസക് വിശദീകരിച്ചു. E20 ഇന്ധന നയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. E20യുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബിജെപിയാണെന്നും ബിജെപിയുമായി ബന്ധമുള്ളവരാണ് എഥനോൾ നിർമാതാക്കളെന്നും തോമസ് ഐസക് ആരോപിച്ചു. E20 സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



