എക്സൈസ് വകുപ്പിൽ വൻ അഴിമതി… ബാർ ഉടമകളിൽ നിന്ന് ഉദ്യോഗസ്ഥർക്ക്…

തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ കൈക്കൂലി ആരോപണങ്ങളുമായി മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്. ബാർ ഉടമകളിൽനിന്ന് വകുപ്പിലെ ചില ഉദ്യോഗസ്ഥർ നിരന്തരം കൈക്കൂലി വാങ്ങിയിരുന്നുവെന്നും ഇവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. എക്സൈസ് കമ്മീഷണർ ചുമതലയിൽനിന്ന് നീക്കപ്പെട്ടതിന് പിന്നാലെ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് വകുപ്പിലെ അഴിമതി സംബന്ധിച്ച ഗുരുതര വിവരങ്ങളുള്ളത്.

ഉദ്യോഗസ്ഥരായ വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ബാർ ഉടമകളിൽ നിന്ന് വിനോദ് പലതവണയായി 30,000 രൂപയും 20,000 രൂപയും കൈപ്പറ്റിയെന്നാണ് റിപ്പോർട്ടിലെ ആരോപണം. കള്ളുഷാപ്പ് അനുവദിക്കുന്നതിലും ലൈസൻസ് നൽകുന്നതിലും ക്രമക്കേട് നടത്തിയെന്നും കൈക്കൂലി വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഡെപ്യൂട്ടി കമ്മീഷണർ അജയ് കോട്ടയത്ത് ബാറുകൾ ലീസിനെടുത്ത് നടത്തിയിരുന്നതായും ആരോപണമുണ്ട്. ബാറുകളിൽ നിന്ന് ഇരുവരും മാസപ്പടി വാങ്ങിയിരുന്നതായും ഓണം പോലുള്ള വിശേഷ ദിവസങ്ങളിൽ പ്രത്യേകമായി പണം കൈപ്പറ്റിയിരുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ‘സന്തോഷം’ എന്ന പേരിലാണ് ബാർ ഉടമകൾ ഈ മാസപ്പടി ചിലവുകൾ രേഖപ്പെടുത്തിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും നിലവിലെ സ്ഥാനങ്ങളിൽനിന്ന് മാറ്റണമെന്നും സീറാം സാംബശിവ റാവു ശുപാർശ ചെയ്തിട്ടുണ്ട്.

അതേസമയം, ബാർ ലൈസൻസ് അനുവദിച്ചതിൽ താൻ യാതൊരു ക്രമക്കേടും നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ സാംബശിവ റാവു വ്യക്തമാക്കുന്നു. ചട്ടപ്രകാരം ലൈസൻസ് അനുവദിക്കാൻ തനിക്ക് അധികാരമുണ്ടെന്നും സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കും അദ്ദേഹം ക്ലീൻ ചിറ്റ് നൽകി. ലൈസൻസ് തരംമാറ്റിയതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഡെപ്യൂട്ടി കമ്മീഷണർമാരായ പി. ഷിബുവും പി.കെ. സതീശനും ക്രമക്കേട് നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇരുവരുടെയും സസ്പെൻഷൻ റദ്ദാക്കണമെന്നും സാംബശിവ റാവു ശുപാർശ ചെയ്തിട്ടുണ്ട്.

Related Articles

Back to top button