ബാർ ലൈസൻസ് വിവാദം… എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിനെ…

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദത്തിന് പിന്നാലെ എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിനെ മാറ്റി. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അതൃപ്തിക്ക് പിന്നാലെയാണ് നടപടി. അഡീഷണൽ കമ്മീഷണർക്ക് എക്സൈസ് കമ്മീഷണറുടെ താൽക്കാലിക ചുമതല നൽകി. മന്ത്രി അറിയാതെ മൂന്ന് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചതാണ് വിവാദമായത്. അതിവേഗത്തിൽ ലൈസൻസ് അനുവദിച്ചതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടായെന്ന സംശയവും ഉയർന്നിരുന്നു.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. എറണാകുളത്തെ രണ്ട് ബിയർ വൈൻ പാർലറുകളുടെ ബാർ ലൈസൻസ് ജൂണിലാണ് പുതുക്കിയത്. ഇതിൽ ഒരു സ്ഥാപനത്തിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം തന്നെ ലൈസൻസ് അനുവദിച്ചു. പാലായിലെ സ്ഥാപനത്തിന് സെപ്റ്റംബർ അവസാനമാണ് അപേക്ഷ ലഭിച്ചത്. ഒക്ടോബർ മൂന്നിന് ലൈസൻസും അനുവദിച്ചു. നിയമസഭാ ചോദ്യത്തിന് മറുപടി നൽകുന്നതിനായി സംസ്ഥാനത്തെ ബാറുകളുടെ എണ്ണം പരിശോധിച്ചപ്പോഴാണ് സർക്കാരിന്റെ കാലത്ത് മൂന്ന് ബാർ ലൈസൻസുകൾ പുതുക്കി നൽകിയ വിവരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. 2014ൽ ബാറുകൾ പൂട്ടിയതിനെത്തുടർന്ന് ബിയർ വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളാണ് ഇവ. മൂന്ന് സ്റ്റാർ ഹോട്ടലായി ഉയർത്തിയിട്ടുണ്ടെങ്കിൽ ബാർ ലൈസൻസ് അനുവദിക്കാമെന്ന ചട്ടഭേദഗതി 2017ൽ ഇടത് സർക്കാർ കൊണ്ടുവന്നിരുന്നു.
ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് പുതുക്കി നൽകാനുള്ള അധികാരവുമുണ്ട്. എന്നാൽ പുതിയ മദ്യനയം തീരുമാനിക്കാനിരിക്കെ സർക്കാരിന്റെ അറിവില്ലാതെ ലൈസൻസ് അനുവദിച്ചതിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പുതിയ ബാറുകൾക്കായി 29 അപേക്ഷകളാണ് നിലവിൽ എക്സൈസ് വകുപ്പിന് മുന്നിലുള്ളത്. പുതിയ മദ്യനയം വരുന്നതുവരെ കാത്തിരിക്കണമെന്ന് കമ്മീഷണറോട് നേരത്തെ നിർദേശിച്ചിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എക്സൈസ് തലപ്പത്തെ പുതിയ മാറ്റം.



