നീലക്കുപ്പായവും ഉമ്മൻചാണ്ടിയുടെ ചിത്രവും… പൊലീസ് സേനയിൽ…

ഇടുക്കി: ഇടുക്കി ജില്ലയിലെ പൊലീസ് സേനയ്ക്കുള്ളിൽ പുതിയ വിവാദത്തിന് തിരികൊളുത്തി സമാന്തര വാട്സാപ്പ് ഗ്രൂപ്പ്. പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക ഗ്രൂപ്പുകൾ നിലനിൽക്കെയാണ് കോൺഗ്രസ് അനുഭാവ നിലപാടുള്ള ഉദ്യോഗസ്ഥർ ‘നീലക്കുപ്പായം’ എന്ന പേരിൽ പുതിയ വാട്സാപ്പ് കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻചാണ്ടിയുടെ ചിത്രമാണ് ഈ വാട്സാപ്പ് ഗ്രൂപ്പിന്റെ ഡി.പി (Display Picture) ആയി നൽകിയിരിക്കുന്നത്.

‘നീലക്കുപ്പായം’ ഗ്രൂപ്പിലെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥൻ ഔദ്യോഗിക ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സമാന്തര ഗ്രൂപ്പിന്റെ പ്രവർത്തനത്തിനെതിരെ ഒരുവിഭാഗം ഉദ്യോഗസ്ഥർ ഇതിനകം തന്നെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും പൊലീസ് അസോസിയേഷൻ തലപ്പത്ത് ഇപ്പോഴും ഇടതുപക്ഷ അനുഭാവമുള്ള ഉദ്യോഗസ്ഥർ തന്നെയാണ് തുടരുന്നത്. ഈ സാഹചര്യത്തിലാണ് ഇടുക്കിയിൽ കോൺഗ്രസ് അനുഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടേതായ രീതിയിൽ ‘നീലക്കുപ്പായം’ എന്ന പേരിൽ സമാന്തര വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് വിവരം. പൊലീസ് സേനയ്ക്കുള്ളിലെ രാഷ്ട്രീയ ചേരിപ്പോര് വീണ്ടും പരസ്യമായത് വകുപ്പിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Related Articles

Back to top button