മാവേലിക്കര വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്….ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന്….

ശാരീരിക അവശതകൾക്കിടയിലും ലോട്ടറി വിറ്റ് ജീവിതം മുന്നോട്ടുനീക്കുന്ന വയോധികന് കിട്ടിയത് കൊടുംചതി. രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാനും വാടക നൽകാനുമായി ഏറെ കരുതലോടെ സൂക്ഷിച്ച രണ്ടായിരം രൂപയാണ് ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് സ്കൂട്ടറിലെത്തിയ ആൾ തട്ടിയെടുത്തത്.
മാവേലിക്കര കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെട്ടുമേനി കിഴക്കുംപള്ളി വീട്ടിൽ റോയി (തോമസ് ജോർജ്–59) ആണ് തട്ടിപ്പിനിരയായത്. ആദ്യം 50 രൂപയുടെ നാല് ലോട്ടറി ടിക്കറ്റുകൾ വാങ്ങിയ സ്കൂട്ടർ യാത്രികൻ റോയിയുടെ വിശ്വാസം പിടിച്ചു പറ്റി. പിന്നീട് ഒരേ സീരിസിലുള്ള മൂന്ന് ടിക്കറ്റുകൾ കാണിച്ച് ഒരോ ടിക്കറ്റിനും 6000 രൂപ സമ്മാനം ലഭിച്ചെന്ന് റോയിയെ വിശ്വസിപ്പിച്ചു. ശാരീരിക അവശതകൾ നേരിടുന്ന റോയിയുടെ കൈവശമുണ്ടായിരുന്ന സമ്മാനവിവരങ്ങളുടെ പട്ടികയും ഇയാൾ പരിശോധിച്ചു.
കൈവശം രണ്ടായിരം രൂപ മാത്രമേയുള്ളൂവെന്ന് പറഞ്ഞപ്പോൾ ഒരു ടിക്കറ്റ് നൽകി പണം വാങ്ങി ഇയാൾ മടങ്ങി. സംശയം തോന്നി സമീപത്തെ കടയിലെത്തി ടിക്കറ്റിന്റെ ക്യു.ആർ. കോഡ് സ്കാൻ ചെയ്തപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം റോയി തിരിച്ചറിഞ്ഞത്.
ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ വാടകയ്ക്കുമായി മാറ്റിവെച്ചിരുന്ന പണമാണ് നഷ്ടമായത്. ലോട്ടറി വിറ്റുകിട്ടുന്ന ചെറിയ വരുമാനത്തിൽ ജീവിതം തള്ളിനീക്കുന്ന റോയിക്ക് ഈ നഷ്ടം വലിയ ആഘാതമായി. സംഭവത്തിൽ അടൂർ പോലീസിൽ പരാതി നൽകി.
