സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്… ആലപ്പുഴയെ വീഴ്ത്തി…

കൽപ്പറ്റ: സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂരിന് കിരീടം. ഫൈനലിൽ ആലപ്പുഴയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തൃശ്ശൂർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ തൃശ്ശൂർ നിർണായക അവസരങ്ങൾ ഗോളാക്കി മാറ്റി കിരീടം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ 17-ാം മിനിറ്റിൽ മനോജ് മഞ്ജുനാഥാണ് തൃശ്ശൂരിനായി ആദ്യ ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിന് ആലപ്പുഴ ശ്രമിച്ചെങ്കിലും തൃശ്ശൂരിന്റെ പ്രതിരോധം മറികടന്ന് സമനില ഗോൾ നേടാനായില്ല. 68-ാം മിനിറ്റിൽ ആലപ്പുഴയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുഹമ്മദ് നിയാസ് തൃശ്ശൂരിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഇതോടെ തൃശ്ശൂരിന്റെ വിജയം ഉറപ്പായി. അവസാന നിമിഷം വരെ പൊരുതിയ ആലപ്പുഴയുടെ പ്രകടനവും ശ്രദ്ധേയമായി. അതേസമയം, ലൂസേഴ്സ് ഫൈനലിൽ എറണാകുളം വിജയിച്ചു. ഇടുക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് എറണാകുളം പരാജയപ്പെടുത്തിയത്. 15-ാം മിനിറ്റിൽ കെ.എസ്. അജ്മൽ ഖാജയും 56-ാം മിനിറ്റിൽ കെ.ഇ. അൽഫാസുമാണ് എറണാകുളത്തിനായി ഗോളുകൾ നേടിയത്.



