നിയമസഭാ കയ്യാങ്കളി കേസ്… 11 വർഷത്തിന് ശേഷം വിചാരണ തുടങ്ങി… ആറു പ്രതികളെയും…

തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ 11 വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് തുടക്കമായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിച്ച വിചാരണയുടെ ആദ്യദിവസം തന്നെ കേസിലെ പ്രധാന സാക്ഷികളിലൊരാളായ സിസ്റ്റം എൻജിനീയർ ശ്യാം ആറു പ്രതികളെയും തിരിച്ചറിഞ്ഞു. മുൻ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ എന്നിവരടക്കമുള്ള ആറു പ്രതികൾ നിയമസഭാ ഹാളിനുള്ളിൽ അതിക്രമം കാണിക്കുന്നത് നേരിട്ട് കണ്ടതായാണ് ശ്യാം കോടതിയിൽ മൊഴി നൽകിയത്.
നിയമസഭയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന എട്ട് സി.സി.ടി.വി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഡിവിഡികളിലേക്ക് റെക്കോർഡ് ചെയ്തത് ശ്യാമായിരുന്നു. കേസിലെ പ്രധാന തെളിവുകളിലൊന്നായ ഈ ഡിവിഡികളും അദ്ദേഹം കോടതിയിൽ തിരിച്ചറിഞ്ഞു. അതേസമയം, ഒന്നാം സാക്ഷിയായ ശാരംഗധരനെ വിസ്തരിക്കുന്നതിന് മുൻപ് ശ്യാമിനെ വിസ്തരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. കേസിലെ പരാതിക്കാരൻ കൂടിയായ അന്നത്തെ നിയമസഭാ സെക്രട്ടറിയാണ് ശാരംഗധരൻ. നേരിട്ട് കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്നും ഓൺലൈനായി വിസ്തരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശാരംഗധരൻ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഒന്നാം സാക്ഷി നേരിട്ട് ഹാജരാകണമെന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കോടതി അടുത്ത ദിവസം തീരുമാനമെടുക്കും.



