മൃതദേഹം മോര്‍ച്ചറിയില്‍ കയറ്റാന്‍ ജീവനക്കാര്‍ കനിഞ്ഞില്ല… ശുചീകരിച്ചത് പഞ്ചായത്തംഗവും….

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ ജീവനക്കാരുടെയും പൊലീസ് സര്‍ജന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതര അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുന്നു. ഒരേ ദിവസം രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആശുപത്രിയില്‍ കൊണ്ടുവന്ന മൃതദേഹങ്ങളോട് അധികൃതര്‍ കാട്ടിയ കടുംപിടുത്തം ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ദുരിതത്തിലാക്കി. ഇന്നലെ രാവിലെ 10.45ഓടെയാണ് ആദ്യ സംഭവം.
പട്ടത്താനം നഗര്‍ ജെയ് കോട്ടേജില്‍ കെ.വി. മാത്യൂസിന്റെ (67) മൃതദേഹവുമായി കോര്പറേഷന് കൗണ്‍സിലര്‍ ഡി. കൃഷ്ണകുമാറും പോലീസും ജില്ലാ ആശുപത്രിയിലെത്തിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ മൃതദേഹത്തിന് പഴക്കമുണ്ടെന്നും ഇവിടെ പോസ്റ്റ്മോര്ട്ട്യം ചെയ്യില്ലെന്നുമായിരുന്നു പൊലീസ് സര്‍ജന്റെ നിലപാട്. തുടര്‍ന്ന് മൃതദേഹവുമായി ആംബുലന്‍സ് രണ്ട് മണിക്കൂറോളം ആശുപത്രിക്ക് മുന്നില്‍ കാത്തുകിടക്കേണ്ടി വന്നു. ഒടുവില്‍ ഉച്ചയ്ക്ക് 12.30ഓടെ ആശുപത്രിയിലെത്തിയ കലക്ടര്‍ ആനി ജൂല തോമസിനെ കൗണ്‍സിലര്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. കലക്ടര്‍ ഇടപെട്ട് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വിദേശത്തുള്ള ബന്ധുക്കള്‍ എത്തുന്നതിനാല്‍ ഇന്നാണ് പോസ്റ്റ്മോര്ട്ട്യം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അടുത്ത സംഭവം.
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ കൊട്ടിയം തഴുത്തല സ്വദേശി ശിവദാസന്‍പിള്ള (58) ഉച്ചയ്ക്ക് 12.45ഓടെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ഒ.എസ്. ബിജി ജീവനക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് വൈകുന്നേരം അഞ്ചരയോടെയാണ് മോര്‍ച്ചറി തുറന്നത്. മാത്രമല്ല, മൃതദേഹം ശുചിയാക്കുന്ന ജോലികള്‍ പോലും ജീവനക്കാര്‍ ചെയ്യാന്‍ തയ്യാറാകാതെ വന്നതോടെ പഞ്ചായത്തംഗവും ബന്ധുക്കളും ചേര്‍ന്നാണ് ആ ജോലി ചെയ്യേണ്ടി വന്നത്. സംഭവങ്ങളില്‍ രണ്ട് ദിവസമായിട്ടും ജില്ലാ ആശുപത്രി അധികൃതര്‍ വ്യക്തമായ പ്രതികരണം നല്കാന് തയ്യാറായിട്ടില്ല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഈ മനുഷ്യത്വരഹിത നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.



