ജീവിതപങ്കാളിയെ തേടി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് 7,000 പേർ; അപേക്ഷകരിൽ 80 ശതമാനവും..

വിവാഹപ്രായം കഴിഞ്ഞിട്ടും അനുയോജ്യമായൊരു ജീവിതപങ്കാളിയെ കണ്ടെത്താനാകാത്തവരുടെ എണ്ണം ചെറുതല്ലെന്ന് തെളിയിച്ച് കോഴിക്കോട് കരന്തൂരിലെ ഹരഹര മഹാദേവ ക്ഷേത്രത്തിൽ നടന്ന സൗജന്യ വിവാഹപൂർവ രജിസ്‌ട്രേഷൻ ക്യാമ്പിൽ പങ്കെടുത്തത് ഏഴായിരത്തോളം പേർ. പ്രതീക്ഷിച്ചതിനേക്കാൾ അഞ്ചിരട്ടിയോളം ആളുകൾ എത്തിയതോടെ ക്ഷേത്രപരിസരത്തെ തിരക്ക് ദേശീയപാതയിലേക്കും നീണ്ടു. അപേക്ഷാഫോം വാങ്ങാനുള്ള ക്യൂ രണ്ട് ബസ് സ്റ്റോപ്പുകൾക്കപ്പുറത്തേക്ക് നീണ്ടപ്പോൾ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനും ഇടപെടേണ്ടിവന്നു.

ഞായറാഴ്ച (നവംബർ 1) നടന്ന ക്യാമ്പിൽ 1,500 മുതൽ 2,000 വരെ അപേക്ഷകരെയാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രാവിലെ ഏഴുമണിയോടെ തന്നെ ക്ഷേത്രത്തിലേക്ക് ആളുകളുടെ ഒഴുക്കായി. ഒമ്പതിന് തുടങ്ങാനിരുന്ന ഫോം വിതരണം തിരക്ക് കണക്കിലെടുത്ത് രണ്ട് മണിക്കൂർ നേരത്തേ ആരംഭിക്കേണ്ടിവന്നു. ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കേണ്ടിയിരുന്ന പരിപാടി വൈകുന്നേരം വരെ നീണ്ടു.

ആദ്യം 1,500 അപേക്ഷാഫോമുകളാണ് അച്ചടിച്ചിരുന്നത്. മണിക്കൂറുകൾക്കുള്ളിൽ അവ തീർന്നതോടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം തുടങ്ങി. പിന്നാലെ അച്ചടിശാലയെ സമീപിച്ച് 4,000 ഫോമുകൾ കൂടി എത്തിച്ചു. ദൂരദേശങ്ങളിൽനിന്ന് വരെ എത്തിയവരെ നിരാശരാക്കി മടക്കേണ്ടെന്നായിരുന്നു സംഘാടകരുടെ തീരുമാനം.

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ വഴി രണ്ടാഴ്ച മുമ്പ് മാത്രം പ്രചരിച്ച അറിയിപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നതോടെയാണ് കരന്തൂരിലേക്ക് ആളുകളെത്തിയത്. കണ്ണൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽനിന്ന് പുലർച്ചെ തന്നെ പലരും യാത്ര തിരിച്ചു. ചിലർ തലേദിവസം കോഴിക്കോട്ടെത്തി മുറിയെടുത്ത് താമസിച്ചാണ് ക്യാമ്പിനെത്തിയത്. വിവാഹം കഴിക്കാൻ താത്പര്യമുള്ളവർ മാത്രമല്ല, മക്കൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനായി മാതാപിതാക്കളും ക്യൂവിലെത്തി.

Related Articles

Back to top button