മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദം… പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിൽ വിദ്യാർത്ഥികളുടെ…

കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചു. അതേസമയം, പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിനെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും.

ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ പ്രിൻസിപ്പലിന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല. ആരോപണവിധേയനായ പിടിഎ പ്രസിഡന്റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും. കുട്ടികൾ ഉന്നയിച്ച മദ്യപാന ആരോപണത്തിൽ വിശദീകരണം നൽകുകയാണ് ലക്ഷ്യം. വിവാദത്തെ തുടർന്ന് ഹയർ സെക്കൻഡറി ബോർഡ് വിശദമായ അന്വേഷണം നടത്തിയിരുന്നു. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠനയാത്ര സംഘടിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനെ അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്.

Related Articles

Back to top button