എഐ ചിത്രങ്ങൾ കൊണ്ട് പ്രധാനമന്ത്രിയാകാനാകില്ല…. കോൺഗ്രസിനെ പരിഹസിച്ച്….

ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്ത് ‘ഇന്ത്യ’ സഖ്യം സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ ജനപങ്കാളിത്തം കാണിക്കാൻ കോൺഗ്രസ് എഐ നിർമിത വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച റാലി ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിജിജു രംഗത്തെത്തിയത്. എന്നാൽ, റാലിയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന ഡ്രോൺ ദൃശ്യങ്ങളും ചിത്രങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് എംപി വംശി ഗഡ്ഡം, സിഡബ്ല്യുസി അംഗവും മുൻ എംപിയുമായ ജഗദീഷ് ഠാക്കൂർ തുടങ്ങിയവർ പങ്കുവെച്ച ചിത്രങ്ങളെയാണ് റിജിജു വിമർശിച്ചത്.
രാംലീല മൈതാനം നിറഞ്ഞുകവിഞ്ഞതായി കാണിക്കാൻ കോൺഗ്രസിന്റെ പ്രചാരണ സംഘത്തിന് എഐ ചിത്രം പോലും കൃത്യമായി തയ്യാറാക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. വേദിയിൽ രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തതാണെന്നും യഥാർഥ വേദിയിൽനിന്ന് വ്യത്യസ്തമാണെന്നും സമൂഹമാധ്യമങ്ങളിലും വിമർശനമുയർന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളും വോട്ട് മോഷണവും ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഞായറാഴ്ച പ്രതിഷേധ റാലി സംഘടിപ്പിച്ചത്. റാലിക്ക് മുന്നോടിയായി ശനിയാഴ്ച വൈകുന്നേരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ‘ഇംപീച്ച്മെന്റ്’ പ്രതിഷേധവും പ്രതിപക്ഷം നടത്തിയിരുന്നു. റാലിയിൽ പത്തുലക്ഷത്തോളം പേർ പങ്കെടുക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശവാദം. എന്നാൽ, റാലി പൂർണ പരാജയമായിരുന്നുവെന്നാണ് ബിജെപിയുടെ വാദം.
റാലി നടന്ന സമയത്ത് മൈതാനത്തിന്റെ 40 ശതമാനവും ഒഴിഞ്ഞുകിടന്നെന്നും 28,000 കസേരകളിൽ 7,000 എണ്ണം കാലിയായിരുന്നെന്നും ബിജെപി വക്താവും എംപിയുമായ സംബിത് ആരോപിച്ചു. എഐ ഉപയോഗിച്ചുള്ള ചിത്രങ്ങൾ കൊണ്ട് ആർക്കും പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ബിജെപി ദേശീയ വക്താവ് സി.ആർ. കേശവനും ഒഴിഞ്ഞ കസേരകളുടെയും ആളുകൾ മൈതാനത്തുനിന്ന് മടങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധിയെ വിമർശിച്ചു. അതേസമയം, ബിജെപിയുടെ ആരോപണങ്ങൾ പ്രതിരോധിച്ച കോൺഗ്രസ്, റാലിയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഡ്രോൺ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിട്ടു.




