എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിനെ തടഞ്ഞ യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തതിന് സമരസമിതി നേതാവായ വളർമതി ഉൾപ്പെടെ 58 പേർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു റാങ്ക് ഹോൾഡേഴ്സിൻറെ സെക്രട്ടറിയേറ്റ് മാർച്ച്. സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന ഉദ്യോഗാർഥികളെ പോലീസ് അനുനയിപ്പിച്ച് നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആർഎംഒ ജയകുമാർ നിരാഹാരം കിടക്കുന്ന വളർമതിയെ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചെങ്കിലും വളർമതി വിസമ്മതിച്ചതോടെ റാങ്ക് ഹോൾഡേഴ്സും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായി.
സമരത്തിന് പിന്തുണയുമായെത്തിയ യുവമോർച്ച പ്രവർത്തകർ പോലീസിനോട് തട്ടിക്കയറി. സമരമവസാനിപ്പിക്കാൻ വിസമ്മതിച്ച വളർമതിയെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതോടെ സംഘർഷമായി. യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. വളർമതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതി കൂട്ടനിരാഹാരം ആരംഭിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരാനാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിൻറെ തീരുമാനം.



