ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു… വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ….

കോഴിക്കോട്: നാദാപുരം കായ്പനച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീയും പുകയും ഉയർന്നു. സംഭവത്തിൽ വൻ അപകടം ഒഴിവായി. നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിൽ ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. നാദാപുരത്തുനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിലാണ് ടയർ പൊട്ടിത്തെറിച്ചത്.
അപകടസമയത്ത് വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. ടയർ പൊട്ടിയതിന് പിന്നാലെ തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി. യാത്രക്കാരും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ പടരുന്നത് തടയാൻ നടത്തിയ സമയോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവാക്കാനായി. വിവരമറിഞ്ഞ് നാദാപുരം, പാനൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടർന്ന് തീ പൂർണമായും അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.



