കാലിക്കറ്റ് മുതൽ മഹാരാജാസ് വരെ… കിട്ടിയാൽ രണ്ടടി തിരിച്ചുവാങ്ങേണ്ടി വരും…. എസ്എഫ്ഐക്ക്….

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷവും എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിനെതിരായ പ്രതിഷേധവും സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറക്കുന്നു. എസ്എഫ്ഐക്കെതിരെ കെഎസ്യുവിന്റെ മുന്നറിയിപ്പും സംസ്ഥാന വ്യാപക പ്രതിഷേധം തുടരുമെന്ന സിപിഐഎം പ്രഖ്യാപനവും രാഷ്ട്രീയ പോര് ശക്തമാക്കുകയാണ്. ‘കിട്ടിയാൽ രണ്ടടി തിരിച്ചുവാങ്ങേണ്ടി വരും’ എന്നാണ് എസ്എഫ്ഐയ്ക്ക് കെഎസ്യു നൽകിയ മറുപടി.
അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം തുടരുമെന്ന് സിപിഐഎമ്മും വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് വിവാദങ്ങളുടെ തുടക്കം. തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിന് പിന്നാലെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകരെ എംഎസ്എഫ് പ്രവർത്തകർ ആക്രമിച്ചതായും പരാതി ഉയർന്നു. എസ്എഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ആദിലിനും സെക്രട്ടറി സുജിനും പരിക്കേറ്റിരുന്നു. സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിക്കുള്ളിൽ നടന്ന ആക്രമണം ആസൂത്രിതമാണെന്നാണ് സിപിഐഎം നേതാക്കളുടെ ആരോപണം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തുകയും ചെയ്തു.
ഇതിനിടെയാണ് മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. മന്ത്രിയുടെ പ്രസംഗത്തിനിടെ ബാനറുകൾ ഉയർത്തിയ പ്രവർത്തകർ വേദിയിലെത്തി ചോദ്യങ്ങൾ ഉന്നയിച്ചതോടെ ചടങ്ങ് തടസ്സപ്പെട്ടു. പിന്നീട് മന്ത്രി വേദി വിട്ടു. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു. പ്രതിഷേധം പൊതുപരിപാടി മനഃപൂർവം അലങ്കോലപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി. സംഭവത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും വിമർശിച്ചിരുന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള ഏറ്റുമുട്ടലും രാഷ്ട്രീയ നേതാക്കളുടെ പരസ്പര ആരോപണങ്ങളും ശക്തമാകുകയാണ്.



