വ്ലോഗർമാരുടെ അപകടമരണം… അന്വേഷണത്തിന് റേഞ്ച് ഡിഐജി കെ. കാർത്തിക്കിന്റെ മേൽനോട്ടം

കണ്ണൂർ: കണ്ണൂർ സ്വദേശികളായ വ്ലോഗർമാർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല റേഞ്ച് ഡിഐജി കെ. കാർത്തിക്കിന് നൽകി. അനൂപ്, ഷബീർ താണ എന്നിവരുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത സംശയം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. ഈ മാസം 15നായിരുന്നു അപകടം. മാഹി പള്ളി പെരുന്നാളിന്റെ റീൽസ് ചിത്രീകരിക്കാനായി പോയ അനൂപും ഷബീറും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. നടാൽ ഊർപ്പഴശ്ശിക്കാവിന് സമീപമായിരുന്നു അപകടം. മാഹി സ്വദേശിയായ വിദു കൃഷ്ണയാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ഇരുവരും മരിച്ചതിന് പിന്നാലെ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് റേഞ്ച് ഡിഐജിയുടെ മേൽനോട്ടം ഏർപ്പെടുത്തിയത്.



