നെടുമ്പാശേരി അപകടം….. മൂന്നാം പ്രതി ജോയൽ ജാമ്യം തേടി…

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസിൽ മൂന്നാം പ്രതി ജോയൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മറ്റ് പ്രതികളും ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട നിർണായക ശബ്ദരേഖയും വാട്സ്ആപ്പ് സന്ദേശങ്ങളും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അപകടത്തെക്കുറിച്ച് പ്രതി സുഹൃത്തിനോട് വിവരിക്കുന്ന ശബ്ദരേഖ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. അപകടത്തിൽ മൂന്ന് പേർ മരിച്ച വിവരം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. അപകടത്തിന് പിന്നാലെ പ്രതികൾ വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചതായും പൊലീസ് വ്യക്തമാക്കി.

അമീനും ജോയലും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടണമെന്ന് സുഹൃത്ത് നിർദേശിച്ചതായും പൊലീസ് കോടതിയിൽ അറിയിച്ചു. അപകടത്തിന് പിന്നാലെ സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. മൂന്നാം പ്രതി ജോയലിന്റെ ശബ്ദരേഖയാണ് സുഹൈലിനെതിരായ നിർണായക തെളിവുകളിലൊന്നായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. സുഹൈൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചെന്നും യാത്രയ്ക്കിടെ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ചെന്നും തുടർന്ന് തങ്ങൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നുമാണ് ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിലുള്ളതെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി.

അപകടത്തിന് പിന്നാലെ നാട്ടുകാർ എത്തിയപ്പോൾ ‘വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ പറഞ്ഞതായും ശബ്ദരേഖയിൽ പരാമർശമുണ്ടെന്ന് പൊലീസ് അറിയിച്ചു. സുഹൈൽ സ്ഥിരമായി അമിതവേഗത്തിൽ വാഹനം ഓടിച്ചിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അന്വേഷണസംഘം വാദിച്ചു. ജാമ്യാപേക്ഷയുമായി മൂന്നാം പ്രതി ജോയൽ ഹൈക്കോടതിയെ സമീപിച്ചതോടെ കേസിലെ നിയമനടപടികൾ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

Related Articles

Back to top button