ശബരിമല മിൽമ നെയ്യ് ക്രമക്കേട്… ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമലയിലെ മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനായ ജയലാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡിലെ പഞ്ചവാദ്യ ജീവനക്കാരൻ കൂടിയാണ് ഇയാൾ. മിൽമ നെയ്യ് ശബരിമലയിൽ എത്തിച്ചതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
നേരത്തെ അറസ്റ്റിലായ ട്രാൻസ്പോർട്ട് കരാറുകാരൻ എസ്.എസ്. ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്. നെയ്യ് ക്രമക്കേടിലൂടെ കരാറുകാരൻ എസ്.എസ്. ബിനുവും ലക്ഷങ്ങൾ സമ്പാദിച്ചതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തിക്കേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പകരമായി ഗുണനിലവാരം കുറഞ്ഞ നെയ്യാണ് സന്നിധാനത്ത് എത്തിച്ചതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കേസിൽ കൂടുതൽ പേരുടെ പങ്കുണ്ടോയെന്നതടക്കം വിജിലൻസ് അന്വേഷണം തുടരുകയാണ്.



