10 മാസത്തിനിടെ 10 കുട്ടികൾ മരിച്ചു… അരിവാൾ രോഗം വ്യാപകമെന്ന്…

പാലക്കാട്: അട്ടപ്പാടിയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ പത്ത് കുട്ടികൾ മരിച്ചതായി പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. അട്ടപ്പാടിയിലെ സാഹചര്യം ഗൗരവമുള്ളതാണെന്നും മേഖലയിൽ അരിവാൾ രോഗം വ്യാപകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അരിവാൾ രോഗം ഇല്ലാതാക്കുന്നതിനായി മുൻകാല സർക്കാരുകളുടെ നേതൃത്വത്തിൽ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അതിനാൽ വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്നും എംപി ആവശ്യപ്പെട്ടു.
എന്നാൽ പാലക്കാട്ടെ ചില രാഷ്ട്രീയ നേതാക്കൾ ശിശുമരണത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും മുൻമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വിഷയം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ അട്ടപ്പാടിയിൽ ശിശുമരണം ഉണ്ടായിട്ടില്ലെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയാണെന്നും വി.കെ. ശ്രീകണ്ഠൻ ആരോപിച്ചു. രാജേഷ് സ്പീക്കറും മന്ത്രിയുമായിരുന്ന കാലയളവിൽ 42 കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എംപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രാജേഷിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും അദ്ദേഹം വിമർശിച്ചു. അട്ടപ്പാടിയിലെ ശിശുമരണവും അരിവാൾ രോഗത്തിന്റെ വ്യാപനവും ഗൗരവത്തോടെ കാണണമെന്നും വിഷയത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം ഇടപെടൽ വേണമെന്നുമാണ് എംപിയുടെ നിലപാട്.



