പത്തനംതിട്ടയിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; വെള്ള കാർ കേന്ദ്രീകരിച്ച് അന്വേഷണം

പത്തനംതിട്ട: പത്തനംതിട്ട പഴകുളത്ത് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കാറിനെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചു. വാഹനത്തിന്റെ ദൃശ്യം പൊലീസ് പരിശോധിച്ചുവരികയാണ്. കാര്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. വെള്ള നിറത്തിലുള്ള കാറില്‍ ആണ് രണ്ടുപേര്‍ എത്തിയത് എന്ന് കുട്ടികള്‍ നല്‍കിയിരുന്നു. കനാല്‍ റോഡില്‍ വിജനമായ സ്ഥലത്ത് വച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തി എന്നാണ് മൊഴി. തിങ്കളാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.

മദ്രസയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ കാട് മൂടിയ പ്രദേശത്ത് എത്തിയപ്പോഴാണ് കാറ് കുട്ടികള്‍ക്ക് സമീപമെത്തിയത്. ബന്ധുക്കളാണെന്ന് പറഞ്ഞുകൊണ്ട് കാറില്‍ കയറാനാവശ്യപ്പെടുകയായിരുന്നു. ഉമ്മയെ അറിയാമെന്നും വീട്ടില്‍ കൊണ്ടുവിടാമെന്നുമാണ് ഇവര്‍ പറഞ്ഞത്.

തുടര്‍ന്ന് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടുന്നത് കണ്ട സമീപവാസിയായ സ്ത്രീ ബഹളം വയ്ക്കുകയും കാര്‍ വേഗത്തില്‍ സ്ഥലത്ത് നിന്ന് പോവുകയുമായിരുന്നു. ഒമ്പത് വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെയാണ് കാറിലെത്തിയവര്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറില്‍ ഉണ്ടായിരുന്നത് ഒരു പുരുഷനും സ്ത്രീയുമാണെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Back to top button