റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം… പാഴ്സൽ ഓഫീസ് പോർട്ടർ…

കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോർട്ടർ അറസ്റ്റിൽ. റെയിൽവേ പാഴ്സൽ ഓഫീസിലെ പോർട്ടർ കെ. ഇസ്മായിൽ ആണ് കാസർകോട് റെയിൽവേ പൊലീസിന്റെ പിടിയിലായത്. റെയിൽവേ സ്റ്റേഷനിലെ ഡോർമെറ്ററിയിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി. യുവതിയെ തള്ളിയിട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. അതിനിടെ, കഴിഞ്ഞദിവസം ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മറ്റൊരു പ്രതിയും കാസർകോട് പിടിയിലായിരുന്നു.
കർണാടക സ്വദേശി അയ്യപ്പ(23)യെയാണ് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ എൽ.ടി.ടി സ്പെഷ്യൽ ട്രെയിനിലെ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിലാണ് ഈ അതിക്രമമുണ്ടായത്. എറണാകുളത്ത് ഒരു യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാഴ്ചപരിമിതിയുള്ള പരാതിക്കാരിയും ഒൻപതുവയസ്സുള്ള മകനുമാണ് ഈ കോച്ചിൽ യാത്ര ചെയ്തിരുന്നത്. കോഴിക്കോട് പിന്നിട്ടതോടെ കോച്ചിൽ ഇവർ മാത്രമായി മാറിയിരുന്നു. തുടർന്ന് കണ്ണൂരിൽ വെച്ച് കോച്ചിൽ കയറിയ പ്രതി, വാതിലിനരികെ നിന്ന് കൂക്കിവിളിക്കുകയും വിസിലടിക്കുകയും ചെയ്ത ശേഷം സ്ത്രീയെ ഉപദ്രവിക്കുകയായിരുന്നു. സ്ത്രീയുടെ കഴുത്തുപിടിച്ച് തിരിക്കാൻ ശ്രമിച്ചതോടെ, അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയാണ് ഇവർ രക്ഷപ്പെട്ടത്.



